Search This Blog

Wednesday, January 2, 2019

niyamadarsi - 2018 - important legal updates - malayalam legal blog

നിയമ ദര്‍ശനം @ 2018

(2018 ലെ സുപ്രധാന നിയമങ്ങള്‍)

അഡ്വ. ഷെറി ജെ തോമസ്

സ്വര്‍ഗ്ഗരതി കുറ്റമല്ലാക്കി

1861 മുതല്‍ നിലവിലുണ്ടായിരുന്ന കുറ്റമായിരുന്നു സ്വവര്‍ഗരതി. പ്രകൃതിവിരുദ്ധ ലൈംഗികത എന്ന കാരണത്താലാണ് ഈ കുറ്റം ഐപിസി വകുപ്പ് 377 ല്‍ ഉള്‍പ്പെടുത്തിയിരുന്നത്. നാസ് ഫൗണ്ടേഷന്‍ എന്ന സംഘടന 2001 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അന്ന് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.  പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഡല്‍ഹി ഹൈക്കോടതി  ഒരേ ലിംഗത്തില്‍ പെട്ട ആളുകള്‍ പരസ്പരസമ്മതത്തോടെ ചെയ്യുന്ന ലൈംഗികബന്ധം കുറ്റം അല്ലാതാക്കി. പക്ഷെ 2009ലെ ഈ ഹൈക്കോടതി വിധി 2013 ല്‍ സുപ്രീംകോടതി റദ്ദാക്കി. പിന്നീട് 2014 ല്‍ ഭിന്നലിംഗക്കാരെ ീയര കോട്ടയില്‍ ഉള്‍പ്പെടുത്താനും മൂന്നാം വിഭാഗമായി പരിഗണിക്കാനും സുപ്രീംകോടതി ഉത്തരവായി.
സാഹചര്യങ്ങള്‍ മാറിയതിനെ തുടര്‍ന്ന് 2018 ല്‍ സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന കേസ് പരിഗണനയ്ക്കായി കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിലേക്ക് വിട്ടു. തുല്യത, ജീവിക്കാനുള്ള അവകാശം എന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് സ്വവര്‍ഗ്ഗരതി കുറ്റകരമാക്കുന്ന വകുപ്പ് 377 എന്നായിരുന്നു വാദം. ഒടുവില്‍ കോടതി സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമാക്കുന്ന വകുപ്പ് റദ്ദാക്കി.

പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഉദ്യോഗത്തില്‍ ഉള്ള സ്ഥാനക്കയറ്റം തുടര്‍നടപടികള്‍ക്ക് അനുമതി 

പിന്നോക്കാവസ്ഥയുടെ തോത് കൃത്യമായി കണ്ടെത്തി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രമോഷന് സംവരണം നല്‍കുന്നതിന് അനുകൂലമായി 2006 ല്‍ സുപ്രീംകോടതി തന്നെ ഭരണഘടനാ ഭേദഗതികള്‍ ശരിവെച്ചിരുന്നു. ബിഎസ്പിയും ദളിത് സംഘടനകളും മറ്റു പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ കൂടി ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ക്ക് ശ്രമിച്ചിരുന്നുവെങ്കിലും വിവിധ കോടതിവിധികളുടെ പശ്ചാത്തലത്തില്‍ അത് നടപ്പിലായിരുന്നില്ല. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മെമ്മോറാണ്ടം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തതോടെ കഴിഞ്ഞ ഇരുപതുവര്‍ഷത്തെ ഇത്തരത്തിലുള്ള പ്രമോഷനുകള്‍ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ഈ ഘട്ടത്തിലാണ് നിയമപരമായി പ്രമോഷന്‍ നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പിന്നോക്കാവസ്ഥ സംബന്ധിച്ച രേഖകള്‍ സംഘടിപ്പിക്കണമെന്ന നാഗരാജ് കേസിലെ നടപടികള്‍ തുടരട്ടെ എന്ന് പറഞ്ഞ കോടതി പക്ഷേ നാഗരാജ് കേസ് വിധിയുടെ പേരില്‍ നിയമപ്രകാരം നല്‍കേണ്ടതായ പ്രമോഷനുകള്‍ തടസപ്പെടുത്തേണ്ടതില്ല എന്ന് വിധിച്ചു.

ആധാര്‍ നിയമപരം, പക്ഷെ ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും നിര്‍ബന്ധമില്ല 

സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ഇല്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഉപകരിക്കുന്നതാണ് ആധാര്‍ എന്ന് കോടതി വിലയിരുത്തി. അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള നിരീക്ഷണം എന്ന നിലയില്‍ ആധാര്‍ ഭരണഘടന അവകാശങ്ങളെ ലംഘിക്കുന്നു എന്നായിരുന്നു പരാതി. 38 ദിവസം നീണ്ടുനിന്ന വിവാദങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി ആധാര്‍ നിയമപരമാണെന്ന് വിധിച്ചു.അതേസമയം സിബിഎസ്ഇ നീറ്റ് യുജിസി, കൂടാതെ സ്കൂള്‍ പ്രവേശനം  എന്നിവയ്ക്കൊന്നും ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി വിലയിരുത്തി. വരുമാന നികുതി അടയ്ക്കുന്നതിനും  പാന്‍ നമ്പറുകള്‍ക്കും ആധാര്‍ നിര്‍ബന്ധമെന്ന് പറഞ്ഞ കോടതി ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല എന്നും പറഞ്ഞു.

വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതി വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ചു.വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയേയും കുറ്റക്കാരി ആക്കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. ഈ വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തിയ കോടതി വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ വിവാഹേതര ബന്ധത്തെ അതിനൊരു കാരണമായി കണക്കാക്കാം. വിവാഹേതര ബന്ധത്തിന് പേരില്‍ പങ്കാളി ആത്മഹത്യചെയ്താല്‍ തെളിവുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കാവുന്ന താണെന്നും അഞ്ചംഗബെഞ്ച് വ്യക്തമാക്കി.
സ്ത്രീക്കും പുരുഷനും തുല്യമായ അവകാശം ആണ് ഉള്ളത്. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല. ലൈംഗിക ബന്ധത്തിനുള്ള സ്ത്രീയുടെ സ്വയം നിര്‍ണയാവകാശത്തെ ബഹുമാനിക്കണം അതിനെ ഇല്ലാതാക്കാനുള്ള ബന്ധമായി വിവാഹത്തെ കാണാനാവില്ല എന്നും കോടതി പറഞ്ഞു. സമൂഹത്തിന്‍റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കാനും അത് പോലെ ജീവിക്കാനും സ്ത്രീയോട് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് 158 വര്‍ഷം പഴക്കമുള്ള ഐപിസി 497 -ം വകുപ്പ് റദ്ദാക്കിയത്. ഒരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്‍ കുറ്റക്കാരനാകുന്നതാണ് ഐപിസി 497-ം വകുപ്പ്.  ഭര്‍ത്താവിനെ പരാതിയിലാണ് നിയമനടപടി ഈ വകുപ്പ് പ്രകാരം സ്വീകരിക്കാമായിരുന്നത്. ഇത്തരം കേസുകളില്‍ പുരുഷന്മാരെ മാത്രം കുറ്റകരമാക്കുന്ന വകുപ്പ് റദ്ദാക്കണമെന്നും സ്ത്രീകളെയും നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.

വിറ്റുപോയ വാഹനം അപകടം ഉണ്ടാക്കിയാല്‍ പഴയ ഉടമസ്ഥന് ബാധ്യത 

കേവലം വാഹനം കൈമാറുന്നതും ചില പത്രങ്ങളില്‍ ഒപ്പിട്ട് കൊടുക്കുന്നതും മാത്രമല്ല വാഹനവില്പന നടപടികള്‍. മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നത് പോലെ കൃത്യമായി വാഹനം വാങ്ങിയ ആളും വിറ്റ് ആളും ചെയ്യേണ്ടതായ കാര്യം ചെയ്തിരിക്കണം. വാഹന വില്‍പ്പനയ്ക്ക് ശേഷം 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട രജിസ്റ്ററിംഗ് അതോറിറ്റി മുമ്പാകെ രേഖകളില്‍ മാറ്റം വരുത്തിയിരിക്കണം. 14 ദിവസത്തിനുള്ളില്‍ വാഹനം വാങ്ങിയ ആള്‍ വിവരം അധികാരികളെ അറിയിച്ചിരിക്കണം എന്നാണ് നിയമം. ഇത്തരമൊരു സംഭവത്തില്‍ വാഹന വില്‍പ്പന നടന്ന് 30 ദിവസത്തിനുള്ളില്‍ നടന്ന അപകടം സംബന്ധിച്ച കേസില്‍ പോലും രേഖകള്‍ പ്രകാരമുള്ള ഉടമസ്ഥന് ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാകില്ല എന്ന് സുപ്രീം കോടതി വീണ്ടും പറഞ്ഞു.

തീരരനിയന്ത്രണ വിജ്ഞാപനം 2018 പ്രാബല്യത്തിലായി 

തീരവാസികള്‍ക്ക്ഭവനനിര്‍മ്മാണം ജന്മാവകാശം ആക്കണമെന്നും 2011ലെ തീരനിയന്ത്രണ വിജ്ഞാപനത്തില്‍ ഭേദഗതി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട്നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. അതോടൊപ്പംതന്നെ തദ്ദേശവാസികള്‍ക്ക് ആയി തീരപ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടിരുന്നു. വ്യാപകമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും ശൈലേഷ് നായക് കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തിലും 2018 ഏപ്രില്‍ മാസം പുറത്തിറക്കിയ കരട് വിജ്ഞാപനം പ്രബലപ്പെടുത്തി തീരനിയന്ത്രണ വിജ്ഞാപനം 2018 ന്കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
പുതിയ വിജ്ഞാപനം പ്രകാരം തീരനിയന്ത്രണ മേഖല CRZ IIIA, CRZ IIIB എന്നിങ്ങനെ രണ്ടായി തരം തിരിച്ചു. സ്ക്വയര്‍ കിലോമീറ്ററില്‍ 2161 ല്‍ അധികം ജനസംഖ്യയുള്ള പ്രദേശങ്ങളെയും CRZ III A, അതില്‍ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളെ CRZ III B യും ആക്കി. CRZ III A യില്‍ നിര്‍മ്മാണ നിരോധന മേഖലയുടെ പരിധി 50 മീറ്ററാക്കി ചുരുക്കി. മറ്റു മേഖലയില്‍ മുമ്പ് ഉണ്ടായിരുന്നത് പോലെ 200 മീറ്റര്‍ നിലനില്‍ക്കും.
ദ്വീപുകള്‍ക്ക് തീരനിയന്ത്രണ പരിധി 20 മീറ്ററായി ചുരുക്കി. നിലവിലുള്ള കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും 20 മീറ്റര്‍ പരിധിക്കുള്ളിലും  സാധിക്കും.  അതേസമയം പഴയ വിജ്ഞാപനത്തില്‍ ഉണ്ടായിരുന്ന CRZ V പരിധിയില്‍പ്പെടുത്തിയ 50 മീറ്റര്‍ ഇളവ് തദ്ദേശവാസികള്‍ക്ക് ആയി നിജപ്പെടുത്തിയിരുന്നു എങ്കില്‍ പുതിയ വിജ്ഞാപനത്തില്‍  ആര്‍ക്കും നിര്‍മ്മാണം നടത്താം. ഇതിനെ ഗുണവുംദോഷവും ഉണ്ടാകാം. ഗുണം ടൂറിസം മേഖലയ്ക്ക് -ടൂറിസം മേഖലയില്‍  താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍ക്ക്  10 മീറ്റര്‍ പരിധി മാത്രം പാലിച്ച് അനുവാദം നല്‍കും.

ഇരുന്നു ജോലി ചെയ്യാം, സ്ത്രീകള്‍ക്ക് രാത്രിയും ജോലി ചെയ്യാം- നിയമം നിലവില്‍ വന്നു



കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ് മെന്‍റ് നിയമത്തില്‍ ഏറെനാള്‍ കാത്തിരുന്ന നിയമഭേദഗതി വന്നതോടുകൂടി ജോലിക്കിടയില്‍ ഇരിക്കുക എന്നുള്ളത് അവകാശമായി മാറി. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഓഡിനന്‍സ് പുറത്തിറക്കിയതോടെ കൂടിയാണ് ഈ അവകാശം സ്ഥാപിതമായത്. സ്ത്രീകളുടെ ജോലിസമയം ഉപാധികള്‍ ഓടുകൂടി, യാത്രാസൗകര്യം ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് മതിയായ സംരക്ഷണമൊരുക്കി രാത്രി 9 മുതല്‍ രാവിലെ ആറുവരെ കൂടി നീട്ടി നല്‍കുന്നതിനും നിയമഭേദഗതി ഉണ്ട്. (നിലവില്‍ വൈകീട്ട്ഏഴ് മുതല്‍ രാത്രിഒന്‍പത് വരെ മാത്രമാണ് നീട്ടിനല്‍കാന്‍ വ്യവസ്ഥയുള്ളത്). ചുരുങ്ങിയത് അഞ്ചു സ്ത്രീകളെങ്കിലും ഉള്ള ബാച്ചുകള്‍ ആയിട്ട് വേണം ഈ സമയത്ത് ജോലിക്ക് നിയോഗിക്കേണ്ട ത്. നിയമ ലംഘനങ്ങള്‍ക്ക് പിഴ നിലവിലെ 5000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. തുടര്‍ച്ചയായ നിയമലംഘനത്തിന് നിലവിലെ പതിനായിരം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയാക്കി ഉയര്‍ത്തി. തൊഴിലാളി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെട്ട് ജോലിചെയ്യുന്ന അപ്രന്‍റീസ്കള്‍ക്കും ഈ അവകാശങ്ങള്‍ ലഭ്യമാണ്. ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധമായും അടച്ചിടണമെന്ന വ്യവസ്ഥയ്ക്കും ഭേദഗതിവരുത്തി. അതിനുപകരം ആഴ്ചയിലൊരിക്കല്‍ തൊഴിലാളിക്ക് നിര്‍ബന്ധമായും അവധി നല്‍കിയിരിക്കണം എന്ന ഭേദഗതി ഉള്‍പ്പെടുത്തി.

No comments:

Post a Comment