*കുട്ടികളെ കലാപരിപാടികളില്‍ പങ്കെടുപ്പിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കുലർ*
സംസ്ഥാനത്ത് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോകളിലും മറ്റ് പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട ചാനല്‍ അധികാരികള്‍ കൈക്കൊള്ളേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ചാനലുകളിലും മറ്റും കുട്ടികള്‍ നേരിടുന്ന അനഭിലഷണീയ പ്രവണതകളെക്കുറിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഷൂട്ടിങ്ങുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മതിയായ രീതിയില്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഇടവേളകളില്‍ അവര്‍ക്ക് പഠിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെന്നും ഷൂട്ടിംഗ് വേളകളില്‍ രക്ഷകര്‍ത്താവ് കൂടെയുണ്ടെന്നും ചാനല്‍ അധികൃതര്‍ ഉറപ്പാക്കണം.
റിയാലിറ്റി ഷോയിലാണ് കുട്ടി പങ്കെടുക്കുന്നതെങ്കില്‍ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ കുട്ടി പുറത്താവുന്ന സാഹചര്യമുണ്ടായാല്‍ കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ നടത്താതിരിക്കാന്‍ വിധികര്‍ത്താവ് ശ്രദ്ധിക്കണം. കുട്ടിയുടെ സ്‌കൂള്‍ പഠനം പത്തുദിവസത്തിലധികം മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം കുട്ടികളുടെ ഷൂട്ടിംഗ് സാഹചര്യങ്ങള്‍ ഒരുക്കേണ്ടത്. കുട്ടികള്‍ക്ക് അനുയോജ്യമായ മേക്കപ്പ് ആയിരിക്കണം ഉപയോഗിക്കേണ്ടത്.
കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. കുട്ടികള്‍ക്കുനേരെ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം. കുട്ടികളെ കലാപരിപാടികളില്‍ പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ 2017 ജൂണ്‍ രണ്ടിലെ കുട്ടികളെ സംബന്ധിച്ച തൊഴില്‍നിയമമനുസരിച്ച് ഒരു ദിവസം ഒരു കുട്ടിയെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ കലാപരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കരുത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികവും പങ്കെടുപ്പിക്കരുത്. മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതും കുട്ടിയുടെ സുരക്ഷിതത്വത്തിനായി നോഡല്‍ ഓഫീസറെ നിയമിക്കേണ്ടതും പ്രതിഫലത്തിന്റെ 20 ശതമാനം കുട്ടിയുടെ പേരില്‍ നിക്ഷേപിക്കേണ്ടതുമാണ്. കുട്ടിയുടെ ഇംഗിതത്തിനെതിരായി നിര്‍ബന്ധപൂര്‍വം പരിപാടികള്‍ അവതരിപ്പിക്കാന്‍ പാടില്ല.
ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുവേണം കുട്ടികളെ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ എന്ന വ്യവസ്ഥ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും കൈക്കൊള്ളണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
പി.എന്‍.എക്‌സ്.3076/18
No comments:
Post a Comment