Search This Blog

Monday, March 19, 2018

Catholic church.. property transactions and transparency

church property - civil and canon law 

സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ...

ഒരാളുടെ സ്വത്തുവകകളും വിൽക്കുന്നതിനും വാങ്ങുന്നതിനും തീരുമാനമെടുക്കേണ്ടത് ആരാണ് എന്ന് ചോദിച്ചാൽ അതാണോ ഉടമസ്ഥൻ അയാൾതന്നെ. ഉടമസ്ഥത വന്നുചേർന്നിരിക്കുന്നത് മറ്റാർക്കെങ്കിലും വേണ്ടിയോ മറ്റെന്തെങ്കിലും ഒരു സ്ഥാപിത സംവിധാനത്തിന്റെ പേരിലോ ആണെങ്കിൽ തീരുമാനങ്ങളെടുക്കുമ്പോൾ ആ സംവിധാനത്തിന്റെ കൂടി അനുമതി വേണമോ എന്നുള്ളത് തികച്ചും സാന്ദർഭികമായ ഒരു ചോദ്യമാണ്. റോമൻ കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് സിവിൽ നിയമ പ്രകാരമാണ്. കാനൻ നിയമത്തിന്റെ ബന്ധപ്പെട്ട വ്യവസ്ഥകളിൽ സഭയുടെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കാര്യങ്ങളും നടപടികളും പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ സിവിൽ നിയമ നടപടികൾ പ്രകാരമാണ് സ്വത്തുക്കൾ കൈകാര്യം ചെയ്ത പോരേണ്ടത്. 1882-ലെ വസ്തു കൈമാറ്റ നിയമ പ്രകാരമാണ് ഇന്ത്യയിൽ ഭൂമി സംബന്ധിച്ച വസ്തു കൈമാറ്റങ്ങളും  പണയ ഇടപാടുകളും മറ്റും നടക്കേണ്ടത്. 

ആര് തീരുമാനമെടുക്കും

കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ ഒരുപക്ഷേ വിശ്വാസികൾ സംഭാവന നൽകി വാങ്ങിയതാകാം. അല്ലെങ്കിൽ ആരെങ്കിലും ദാനമായി നൽകിയതും ആകാം. ഏത് രീതിയിലാണെങ്കിലും വന്നു ചേർന്നിരിക്കുന്ന സ്വത്ത് വകകളുടെ ഉത്തരവാദിത്വവും ഉടമസ്ഥാവകാശവും സഭാ അധികാരികളിൽ നിക്ഷിപ്തമാണ്. ഇടവക കൗൺസിലും ഇടവക ധന കാര്യ സമിതിയുമാണ് ഇതുസംബന്ധിച്ച് വിശ്വാസികൾക്ക് ചർച്ച ഉന്നയിക്കാവുന്ന വേദികൾ. കാനൻ 536 കാരം ഇടവക പാസ്റ്ററൽ കൗൺസിൽ ഉണ്ടായിരിക്കണം എന്ന് നിർബന്ധമില്ല. അതത് ബിഷപ്പ് തീരുമാനിക്കുന്ന മുറയ്ക്ക് മാത്രമേ അത്തരമൊരു സമിതിയിൽ നിലവിൽ വരേണ്ട കാര്യമുള്ളൂ. (കേരളത്തിലെ മിക്കവാറും കത്തോലിക്കാ രൂപതകളിലെല്ലാം അത്തരമൊരു സമിതി നിലവിലുണ്ട് ) അങ്ങനെയുള്ള സമിതിക്ക് ഉപദേശക സ്വഭാവത്തിലുള്ള അധികാരം മാത്രമാണുള്ളത്. 

അതേസമയം ഇടവക സാമ്പത്തികകാര്യ സമിതി  നിർബന്ധമായും ഉണ്ടായിരിക്കണം എന്നാണ് കാനൻ 537 പറയുന്നത്. എന്നിരുന്നാലും അംഗങ്ങൾക്ക് ഉപദേശക അധികാരം മാത്രമാണുള്ളത്. ഇക്കാര്യം 1997ലെ instruction on certain questions regarding the collaboration of the non ordained faithful in the sacred Ministry of priest എന്ന വ്യാഖ്യാനത്തിൽ ഉണ്ട്. സാമ്പത്തികകാര്യ സമിതി അംഗങ്ങളുടെ ഉപദേശം ഇടവ വികാരി കേട്ടിരിക്കണം എങ്കിലും

തീരുമാനം അദ്ദേഹത്തിന് സ്വയം എടുക്കാം. അതുകൊണ്ടുതന്നെ ഇത് രണ്ടും തമ്മിൽ സമന്വയിപ്പിച്ചു കൊണ്ടു പോകുന്ന സ്ഥലങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാറില്ല. 

സഭയിൽ അംഗമായി മാറിയതുകൊണ്ട് സഭയുടെ ആന്തരിക വിഷയങ്ങളിലുള്ള മാർഗ്ഗരേഖയായി കാനൻ നിയമം അനുസരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്.  സ്വത്തുക്കൾ ഉണ്ടാകുന്നതിനും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന് ഏതെങ്കിലും സഭാവിശ്വാസികൾ പങ്ക് നൽകിയിട്ടുണ്ട്ന്നുള്ളത് അവർക്ക് ആ സ്വത്തിൽ അധികാരം ഉന്നയിക്കുന്നതിന് അവകാശം നൽകുന്നില്ല.

പഴയകാലഇംഗ്ലീഷ് കേസുകളിൽ ഇക്കാര്യം വിശദമായി ആധികാരികതയോടെ പറഞ്ഞിട്ടുള്ളതാണ്. (Long V. The bishop of Cape Town 1863(1) Moo PC (NS) 411, and Merriman V. Williams 1882 LR 7 AC 484) mentioned in 2016 (3) KHC 359. 

വസ്തു കൈമാറ്റം

ഇടവകയുടെ അധീനതയിലുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം  ഇടവകയ്ക്ക് തന്നെയാണ്. അതത് പ്രദേശത്തെ സിവിൽ നിയമങ്ങൾ കാനൻ നിയമവുമായി ബന്ധിപ്പിച്ചുള്ള കാര്യങ്ങൾ കാനന 1290 ൽ സൂചിപ്പിച്ചിട്ടുള്ളതാണ്. സിവിൽ നിയമത്തിലെ വസ്തു കൈമാറ്റംനിയമം (The Transfer of Property Act 1882) പ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തികൾക്ക്  ഭൂമി കൈമാറ്റം ചെയ്യാം. ജീവിച്ചിരിക്കുന്ന വ്യക്തി എന്ന നിർവചനത്തിൽ കമ്പനി, സംഘടനകൾ, ഒരുസംഘം വ്യക്തികൾ എന്നിവയൊക്കെ ഉൾപ്പെടും. പള്ളി വക വസ്തുക്കൾ മാർപാപ്പയിലോ ബിഷപ്പിലോ അല്ല വന്നുചേർന്നിരിക്കുന്നത്. അത് കൈമാറ്റം ചെയ്യാനുള്ള അധികാരം ഇടവകക്കാണ്. ഇടവകയ്ക്കു വേണ്ടി റോമൻ കത്തോലിക്കാ സഭയിലെ  ഇടവക വികാരി അത് ചെയ്യും. ഇക്കാര്യം കേരള ഹൈക്കോടതിയും പ്രസ്താവിച്ചിട്ടുണ്ട് (2012(4) KHC 427). കാനൻ നിയമം സിവിൽ നിയമത്തിന്റെ മുകളിൽ വരുമോ എന്നുള്ള കാര്യം കേരള ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് (1994 KHC 357)  പിന്നീട് സുപ്രീം കോടതി തന്നെയും (1996 (6) SCC 337) പരിശോധിച്ച് കാനൻ നിയമം ആധ്യാത്മികമായ കാര്യങ്ങളിൽ ഒതുങ്ങിനിൽക്കുന്നു എന്നതിനപ്പുറത്ത് വ്യക്തിനിയമത്തിന് പരിധി കൽപ്പിക്കാൻ ആവില്ല എന്ന് കണ്ടെത്തിയിട്ടുള്ളതാണ്. വിവാഹമോചനം സംബന്ധിച്ച കേസിൽ ആണ് ആ വിധി വന്നതെങ്കിലും കാനന നിയമത്തിന്റെയും സിവിൽ നിയമത്തിന്റെയും അധികാര വരമ്പുകൾ വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തു കൈമാറ്റ കരാറിൽ ഏർപ്പെടുന്നതിന് ഇടവകയ്ക്ക് അതിരൂപതയുടെ അനുമതി ആവശ്യമില്ല എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും  (2005 KHC 1329) പ്രസ്താവിച്ചിട്ടുള്ളതാണ്.

 

ഇന്ത്യയിലെ സിവിൽ നിയമ പ്രകാരം കരാറിലേർപ്പെടാൻ നിയമപരമായി അർഹതയുള്ള ഏതൊരാൾക്കും വസ്തു വിൽപ്പന നടത്താം. അതിനർത്ഥം വിൽപ്പന നടത്തുന്നയാൾ പ്രായപൂർത്തിയായ ആളായിരിക്കണം, സുബോധമുള്ള ആളായിരിക്കണം, ഏതെങ്കിലും നിയമപ്രകാരം കരാറിൽ ഏർപ്പെടുന്നത് അയോഗ്യനായ ആയിരിക്കരുത്. ഇത്തരം അയോഗ്യതകൾ ഇല്ലാത്ത ആർക്കും വസ്തു കൈമാറ്റം ചെയ്യാം. അത് ഇടവകയ്ക്കു വേണ്ടി കൈമാറ്റം നടത്തുന്ന ഇടവക വികാരിയാണ് എങ്കിലും ബാധകം തന്നെ. 

വസ്തു കൈമാറ്റം തന്നെ പല രീതിയിലാകാം ചിലപ്പോളത് വിൽപന ആകാം അല്ലെങ്കിൽ പണയം ആകാം, വാടകയാകാം, പരസ്പരമുള്ള കൈമാറ്റവും, ചിലപ്പോൾ ദാനവും ആകാം. ആരുടെയും നിർബന്ധത്തിനു വഴങ്ങാതെ സ്വബോധത്തോടെ പ്രതിഫലം പറ്റേണ്ട ഇടപാടുകളിൽ നിയമാനുസൃതമായ പ്രതിഫലം പറ്റി വസ്തു കൈമാറ്റം ചെയ്യാം. സാധാരണ സിവിൽ നിയമ പ്രകാരം ഏതൊക്കെ വസ്തു കൈമാറ്റം ചെയ്യാമോ, അത്തരം കൈമാറ്റം ചെയ്ത് കിട്ടിയ വസ്തുവിൽ ഏതൊക്കെ പ്രവർത്തനങ്ങളെല്ലാം നടത്താം അതൊക്കെ ഇവിടെയും നടത്താം. വസ്തു ഇടപാട് സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങൾ രണ്ടു വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന തർക്കത്തിന് സമ്മാനം. അതിൽ ചിലപ്പോൾ ക്രിമിനൽ കുറ്റങ്ങളും ഉൾപ്പെടാം. സഭയുടെ സ്വത്ത് കൈമാറ്റം ആയതുകൊണ്ട് അത്തരം കാര്യങ്ങളിൽ പ്രത്യേക ഇളവോ കാർക്കശ്യമോ  ഇല്ല. 

കേരള കത്തോലിക്കാസഭയിൽ വസ്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്  ചെയ്തുവരുന്നത് എന്നാണ് പറയുന്നത്. പക്ഷേ വസ്തുവകകൾ കൈമാറ്റം നടത്താൻ അധികാരമുള്ള ഇടവകകൾ എല്ലാം തന്നെ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കണം എന്നില്ല. അത്തരം സാഹചര്യങ്ങളിൽ കല്പിത (deemed) ട്രസ്റ്റ് എന്ന തത്ത്വത്തിൽ ഊന്നിയാണ് ഇടവകയ്ക്കു വേണ്ടി ഇടവകവികാരി ആധാരങ്ങൾ ചെയ്യുന്നത്. ചില സ്ഥലങ്ങളിൽ ഇടവക വികാരിയോടൊപ്പം കൈക്കാരന്മാരും ചേർന്ന് ഇടവകയ്ക്കു വേണ്ടി ആധാരങ്ങൾ ചെയ്യുന്നതും കാണാം. പിന്നീട് പിന്തുടർച്ചയായി ആധാരങ്ങൾ ചെയ്യുമ്പോൾ ഇടവകയ്ക്കു വേണ്ടി 'ഇപ്പോഴത്തെ വികാരി' എന്ന പദമാണ് ഉപയോഗിക്കാറുള്ളത്.

സുതാര്യ ഇടപാടുകൾക്ക് എന്നും പിന്തുണയുണ്ടാകും

ഇടവകയുടെ സ്ഥലം സംബന്ധിച്ച സർവേ നമ്പർ അറിയാവുന്ന ആർക്കും സബ് രജിസ്റ്റാർ ഓഫീസിൽ നിന്ന് ഇടവകയുടെ പേരിൽ ചെയ്തിരിക്കുന്ന ആധാരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് എടുക്കാം. ആര് ആർക്ക് ആധാരം ചെയ്തിരിക്കുന്നതെന്നും എന്ത് ആധാരമാണെന്നും നിഷ്പ്രയാസം മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ നിയമപരമായി സുതാര്യമാണ്. പക്ഷേ അവയുടെ ഇടപാടുകളിൽ സഭയ്ക്ക് കിട്ടേണ്ട തുക സംബന്ധിച്ച കാര്യങ്ങളിൽ മാർക്കറ്റ് വിലയും ആധാരവിലയും കരാർ തുകയും തമ്മിലുള്ള അന്തരം വ്യക്തികൾ  ആധാരങ്ങൾ ചെയ്യുമ്പോൾ രഹസ്യമാക്കി വയ്ക്കുന്നതുപോലെ സാധിക്കണമെന്നില്ല. അതുപോലെതന്നെ വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള വ്യക്തിബന്ധങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല, ഇടവക ജനങ്ങൾ ഇടവകയിൽ അർപ്പിച്ച വിശ്വാസം ഏറ്റെടുത്ത് ഇടവകയുടെ വസ്തു ഇടവകയ്ക്കു വേണ്ടി കൈമാറ്റം ചെയ്യുക മാത്രമാണ് ഇടവകവികാരി ചെയ്യുന്നത്.

No comments:

Post a Comment