Article on euthanasia..mercy killing
മരണത്തെ മാടിവിളിക്കാന്‍ ....
ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി മനുഷ്യന്‍ നെട്ടോട്ടമോടുന്ന വാര്‍ത്തകളായിരുന്നു ഇതുവരെയും. എന്നാല്‍ ഇപ്പോള്‍ ജീവിക്കാനുള്ള അവകാശം പോലെ തന്നെ മരിക്കാനുള്ള തീരുമാനമെടുക്കുന്നതും അവകാശമായി മാറുകയാണ്. വില്‍പത്രത്തിന് മരണപത്രംഎന്നും പേരുണ്ട്. പക്ഷേ അത് ഇതുവരെയും മരിക്കാനുള്ള പത്രമായിട്ടല്ല, മരണശേഷം സ്വത്തുവകകളും മറ്റും എങ്ങനെ വിനിയോഗം ചെയ്യണം എന്നത് തീരുമാനിക്കാന്‍ ആയിരുന്നു. പുതിയ നിര്‍ദ്ദേങ്ങള്‍ മരിക്കാനുള്ള തീരുമാനമെടുക്കാനും മരണത്തിന് കൂട്ടിരിക്കാന്‍ ആളെ ഏര്‍പ്പെടുത്താനും സാഹചര്യങ്ങള്‍ ഉണ്ടാകും.
മരണ പത്രം
മരണ താല്‍പര്യപത്രം തയ്യാറാക്കുന്നതിന് പ്രായപൂര്‍ത്തിയായ പൂര്‍ണ്ണ മാനസിക ആരോഗ്യം ഉള്ള ആര്‍ക്കും ഇനി അവകാശമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വയം തയ്യാറാക്കുന്നത് ആയിരിക്കണം വില്‍പ്പത്രം എന്നതുപോലെതന്നെ ഇക്കാര്യത്തിലും അത് ബാധകമാണ്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വമേധയാ തയ്യാറാക്കുന്നതാകണം മരണതാല്‍പ്പര്യപത്രം. കൃത്യമായ ബോധത്തോടുകൂടി തയ്യാറാക്കുന്ന പത്രത്തില്‍ ചികിത്സയെ സംബന്ധിച്ച കാര്യങ്ങളില്‍ എപ്പോള്‍ ചികിത്സ പിന്‍വലിക്കണമെന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ആധാരം എഴുതുന്നതുപോലെ കൃത്യമായ ചില സ്ഥിരം വാചകങ്ങള്‍ മരണപത്രത്തിനു വേണ്ടി ഇനി തയ്യാറായി വരും. പ്രത്യാഘാതത്തെ പറ്റി ബോധ്യമുണ്ടെന്നു കാണിക്കാന്‍ ഉപയോഗിക്കേണ്ട സാങ്കേതികപദങ്ങള്‍ പുതിയ ഫോര്‍മാറ്റ് ആയി വരും. സ്വന്തം നിലയില്‍ താല്പര്യം എടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഉള്ള രോഗികളുടെ കാര്യത്തില്‍ സമ്മതം നല്‍കാന്‍ ഉത്തരവാദിത്വപ്പെടു ത്തുന്ന അടുത്ത ബന്ധുവിന്‍റെയൊ രക്ഷിതാവിന്‍റെയോ പേര് മരണതാല്‍പ്പര്യപത്രത്തില്‍ സൂചിപ്പിക്കണം. ഒന്നിലധികം പത്രങ്ങള്‍ ഉണ്ടെങ്കില്‍ സാധാരണ വില്‍പത്രം പോലെ ഏറ്റവും ഒടുവിലത്തെ പത്രമായിരിക്കും കണക്കിലെടുക്കുക.
എങ്ങനെ തീരുമാനമെടുക്കും
വൈദ്യശാസ്ത്രങ്ങള്‍ക്ക് പറ്റാത്തത് ചിലപ്പോള്‍ അത്ഭുതങ്ങള്‍ വഴി പ്രവര്‍ത്തിക്കും, പലരുടെയും വിശ്വാസങ്ങളിലൂടെ. ഇനി രക്ഷയില്ല എന്ന് വൈദ്യശാസ്ത്രം പറഞ്ഞത് ജീവന്‍റെ തുടിപ്പായി തിരികെ വന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. കാരണമെന്തോ ആകട്ടെ, കൈവിട്ടതു പലതുമാണ് തിരികെ വന്നത്. അങ്ങനെ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍, ഇനി രക്ഷയില്ലെന്നു ഉറപ്പാക്കി ബന്ധുക്കള്‍ അന്തിമ വിധി നടപ്പിലാക്കാന്‍ മാനസികമായി തയ്യാറെടുക്കുമെന്നത് എങ്ങനെയെന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. സ്വന്തമായി അനുവാദം നല്‍കാന്‍ കഴിയാത്ത രോഗിയുടെ കാര്യത്തില്‍ ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത് സങ്കീര്‍ണമായ ഒരു വിഷയം തന്നെയാണ്. മുതിര്‍ന്ന പൗരന്മാരെ മക്കളും അവകാശികളും വേണ്ടരീതിയില്‍ നോക്കാത്തതിന്‍റെ പേരില്‍ നിയമനിര്‍മ്മാണം തന്നെ നടത്തിയ ഒരു രാജ്യമാണ് നമ്മുടേത്. ഭീഷണിക്കും സമ്മര്‍ദ്ദത്തിലും വഴങ്ങിയും അഴിമതിക്ക് വിധേയമായും തയ്യാറാക്കിയ എത്രയെത്ര മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നാം കണ്ടിട്ടുണ്ട്. മരണ നിമിഷങ്ങളില്‍ തീരുമാനങ്ങള്‍ പലതും മാറാം. പക്ഷേ അത്തരം മാറ്റം അറിയിക്കാന്‍ എങ്ങനെ അവസരമുണ്ടാകുമെന്ന്തൊക്കെ ഇനി വലിയ ചര്‍ച്ചകള്‍ക്ക് വിഷയമാകും. രോഗി ജീവിതത്തിലെക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായതിനുശേഷം മാത്രമെ ഡോക്ടര്‍ ഇത്തരം നടപടികളിലേക്ക് കണക്കാവൂ എന്നാണ് തത്വം.
ആധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രികള്‍ ഉളളതുപോലെ ഇനി മരണസന്നാഹമെന്നരുക്കാനും ആശുപത്രികള്‍ക്ക് സാങ്കേതിക സജ്ജീകരണങ്ങള്‍ ഒരുക്കണം. 20 വര്‍ഷം പ്രവൃത്തിപരിചയമുള്ള കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രാളജി, സൈക്യാട്രി അല്ലെങ്കില്‍ ഓങ്കോളജി വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും രോഗിയെ പരിചരിക്കുന്ന ഡോക്ടറും ഉള്‍പ്പെടുന്ന പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ദയാവധം അനുവദിക്കണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നിഗമനമെങ്കില്‍ അക്കാര്യം ജില്ലാ കളക്ടറെ അറിയിക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രക്യേക ബോര്‍ഡ് രൂപീകരിക്കും. ബോര്‍ഡ് രോഗിയെ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ തുടര്‍നടപടികള്‍ ആരംഭിക്കാം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തീരുമാനം ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റിനെ അറിയിക്കുകയും മജിസ്ട്രേറ്റ് രോഗിയെ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തതിനു ശേഷം ദയാവധത്തിന് അനുമതി നല്‍കാം. ഇതു സംബന്ധിച്ച നിയമങ്ങള്‍ ഉണ്ടാക്കുന്നത് വരെയും ഇപ്പോള്‍ കോടതി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുവര്‍ത്തിക്കാം.
എങ്ങനെ തയ്യാറാക്കും
വില്‍പ്പത്രം പോലെതന്നെ 2 സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തില്‍ ആയിരിക്കണം പത്രകാരന്‍ ഒപ്പു വയ്ക്കേണ്ടത്. ചുമതലക്കാരനായ പ്രദേശത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് അതിലൊപ്പ് വയ്ക്കണം. പത്രത്തിന്‍റെ പകര്‍പ്പ് ഡിജിറ്റല്‍ രേഖയായി ജില്ലാ കോടതിയില്‍ സൂക്ഷിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കും പകര്‍പ്പ് നല്‍കണം, അവിടെ അതിനായി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തണം. പത്രം തയ്യാറാക്കുന്നത് അടുത്ത ബന്ധുക്കളുടെ അസാന്നിധ്യത്തില്‍ ആണെങ്കില്‍ അക്കാര്യം മജിസ്ട്രേറ്റ് ബന്ധുക്കളെ അറിയിക്കണം.
ജുഡീഷ്യല്‍ മജിസ്ട്രേട്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍, മെഡിക്കല്‍ ബോര്‍ഡ് , ജില്ലാ കോടതി റജിസ്റ്റ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ അധികാരകേന്ദ്രങ്ങള്‍ ഈ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടിവരും.
മരത്തിനുമുണ്ട് അപ്പീല്‍
മരണത്തിന് അനുമതി നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാം. രോഗികളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി കാലതാമസമില്ലാതെ തീരുമാനമെടുക്കണം. കോടതി സ്വതന്ത്ര സമിതി രൂപീകരിച്ച് പുതിയ അഭിപ്രായം തേടും.
No comments:
Post a Comment