Search This Blog

Monday, February 20, 2017

Beating child in school by a teacher is an offence?

കുട്ടികളോട് കളിക്കരുത്.. കളി പഠിക്കും.
ഷെറി

ഓഫീസില്‍ നിന്നും തിരിച്ചെത്തിയ ബൈജുവിനെ കണ്ടതും കരഞ്ഞുകൊണ്ട് ഒന്നാം ക്ളാസുകാരി മകള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു. അച്ചാ എന്നെ മിസ്സ് തല്ലി. മകളുടെ സങ്കടം കണ്ട് ബൈജു ഉടനെ സ്കൂളിലെ മിസ്സിനെ വിളിക്കാന്‍ ഫോണ്‍ കൈയ്യിലെടുത്തു. പിന്നെ ഒന്ന് ആലോചിച്ച് വേണ്ടെന്ന് വച്ചു. മകളെ തലോടി ചേര്‍ത്തു നിര്‍ത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്കൂളില്‍ പഠിച്ച സമയം ക്ളാസില്‍ വര്‍ത്തമാനം പറഞ്ഞ് ബഹളം വച്ചതിന് കിട്ടിയ അടിയുടെ ചൂട് ബൈജു ഓര്‍ത്തു. കഴിഞ്ഞ ദിവസം മകള്‍ പഠിക്കുന്ന സൂകൂളില്‍ നിന്നും ക്ളാസ് പിക്നിക്കിന് കൊണ്ടുപോയതിന്‍റ ഫോട്ടോയില്‍ വലിയ ചൂരല്‍ വടി പിടിച്ചു നില്‍ക്കുന്ന ആയയെ സ്കൂള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട അന്നുമുതല്‍ ബൈജു ആലോചിച്ചതാണ് സ്കൂള്‍ വരെ ഒന്നു പോകണമെന്നും വടിയെപ്പറ്റി അന്വേഷിക്കണമെന്നും. ഇനി അടുത്ത ഓപ്പണ്‍ ഹൗസില്‍ ചോദിക്കണമെന്നു തന്നെ അയാള്‍ തീരുമാനിച്ചു. 
ചില വിദേശ രാജ്യങ്ങളില്‍ കുട്ടികളെ വഴക്കുപറയുന്നതുപോലും ശിക്ഷാര്‍ഹമാണ്. കുട്ടികളെ നോക്കാന്‍ ആളില്ലാത്തതും കുറ്റമായതുകൊണ്ട് ജോലി സംബന്ധമായി വിദേശത്തും മറ്റുമുള്ള ചിലര്‍ അതിനിവേണ്ടി മാത്രമായി സ്വന്തം മാതാപിതാക്കളെ കൂടെ കൊണ്ടുപോയി നിര്‍ത്തും. കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമം ഇന്നത്തെ നിലയില്‍ പൂര്‍ണ്ണമായി നടപ്പാക്കിയാല്‍ നമ്മുടെ രാജ്യത്തും കുട്ടികള്‍ക്ക് ഒരുപാട് അവകാശങ്ങള്‍ ഉണ്ടെന്ന് കാണാനാകും. 

ശാരീരികമായി വേദിപ്പിച്ചാല്‍

അച്ചടക്കം പരിശീലിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്കൂളുകളില്‍ അസംബ്ളിയില്‍ കൂടുതല്‍ നേരം നിര്‍ത്തുന്ന ശിക്ഷ നല്‍കുക, ക്ളാസില്‍ അധികനേരം എഴുന്നേല്‍പ്പിച്ചു നിര്‍ത്തുക, അടിക്കുക, നുള്ളുക തുടങ്ങിയ പ്രവര്‍ത്തികള്‍ പൊതുവായി ഒരു കാലഘട്ടത്തില്‍ ചെയ്തുപോന്നിരുന്നുവെങ്കില്‍ ഇന്ന് അതിന് മാറ്റം വന്നുകൊണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് വേദന ഉണ്ടാക്കുന്ന തരത്തില്‍ എന്തങ്കിലും പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. 
കുറ്റങ്ങള്‍ക്കുള്ള ശിക്ഷാ നടപടികളുടെ ഭാഗമായോ, അച്ചടക്കപരിശീലനത്തിന്‍റെ ഭാഗമായോ, നല്ല സ്വഭാവം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായോ അവര്‍ക്ക് ശാരീരികമായി  വേദന ഉളവാക്കുന്ന പ്രവര്‍ത്തികള്‍ ആരു ചെയ്താലും ഇതിന്‍റെ പരിധിയില്‍ വരും. ആദ്യമായി കുറ്റം ചെയ്താല്‍ പതിനായിരം രൂപ പിഴയും രണ്ടാമത്തെ തവണ മൂന്നു മാസം തടവും പതിനായിരം രൂപ പിഴയും അല്ലെങ്കില്‍ ഇതിലെതെങ്കിലുമൊന്നോ ശിക്ഷയായി ലഭിക്കും. ഈ കുറ്റം ചെയ്തയാളെ സ്ഥാപനത്തില്‍ നിന്നും പിരിച്ചുവിടുകയും കുട്ടികളുമായി ബന്ധപ്പെട്ട യാതൊരു ജോലിയും പിന്നീട് ചെയ്യാന്‍ അനുവദിക്കരുതെന്നും നിയമം പറയുന്നു. (ജുവനൈല്‍ ജസ്റ്റിസ് നിയമം വകുപ്പ് 82). 
ഇത്തരത്തില്‍ കുട്ടികളെ വേദനിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് മാനേജ്മെന്‍റ് വേണ്ട വിധത്തില്‍ സഹകരിക്കാതിരിക്കുകയോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയോ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെയാ സര്‍ക്കാരിന്‍റെയോ ഉത്തരവുകള്‍ ലംഘിക്കുകയോ ചെയ്താല്‍ സ്ഥാപന മേധാവിക്ക് 3 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് ജയില്‍ ശിക്ഷ ലഭിക്കും. ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. (ജുവനൈല്‍ ജസ്റ്റിസ് നിയമം വകുപ്പ് 82(2) 
ഇതു നിയമത്തിലെ ഒരു ചെറിയ ഭാഗം മാത്രം. കുട്ടികളോടുള്ള ക്രൂരതയ്ക്കും ഉപദ്രവങ്ങള്‍ക്കും ശിക്ഷ നല്‍കുന്നതിനും അത്തരം സംഭവങ്ങള്‍ക്ക് തടയിടുന്നതിനും വേണ്ടിതന്നെയാണ് ജുവനൈല്‍ ജസ്റ്റിസ് നിയമം പുതിയ ദേദഗതികളോടെ നിലകൊള്ളുന്നത്. ഓരോ സ്കൂള്‍ അധ്യാപകരും ഇനി വടിയെടുത്ത് അടി കൊടുക്കേണ്ട, കുട്ടികളോ മാതാപിതാക്കളോ നിയമനടപടിക്കൊരുങ്ങിയാല്‍  വടി കൊടുത്ത് അടിവാങ്ങിയ പോലിരിക്കും.

എത്ര നാള്‍ കണ്ടില്ലെന്നു നടിക്കും

ഈ നിയമം ചില അധ്യാപകര്‍ക്കെങ്കിലും അറിയാം. ചിലര്‍ അറിഞ്ഞിട്ടും അറിയാത്തപോലെ പ്രവര്‍ത്തിക്കുന്നു. മാതാപിതാക്കള്‍ കുട്ടികളെ ചെറുതായിട്ടൊക്കെ തല്ലാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കു തന്നിട്ടുണ്ടെന്നും ഈ നിയമമൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും വിചാരിക്കുന്നവരുണ്ട്. ഓര്‍ത്തിരുന്നോ, കാലം മാറി പഴയ തലമുറ തല്ലുകൊണ്ട് നന്നായ ചരിത്രമൊക്ക ഒരുപാട് പറയാനുണ്ടാകും. പക്ഷെ ഇന്നത്തെ തലമുറ സ്വന്തം കുഞ്ഞിനെ, ആരു തന്നെയായാലും തല്ലുന്നതുപോയിട്ട് ഒരു രൂക്ഷമായി നോക്കുന്നതുതന്നെ ഇഷ്ടപ്പെടാത്തവരാണ്. പരാതി നല്‍കിയാല്‍ കുട്ടിയെ അതിന്‍റെ പേരില്‍ സ്കൂളില്‍ ഒറ്റപ്പെടുത്തുമോയെന്ന ഒരൊറ്റ ഭയം മാത്രമാണ് പലര്‍ക്കും. ഇപ്പോള്‍ തന്നെ നിരവധി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. 

No comments:

Post a Comment