Search This Blog

Tuesday, October 22, 2013

CRIME AND INVESTIGATION - A CASE STUDY - POLICE INVESTIGATION

അന്വേഷണം ശരിയല്ലെങ്കിൽ...

2003 ൽ പാലക്കാടാണ് സംഭവം. ഒരു കുടുംബം ആത്മഹത്യ ചെയ്തു. അച്ചനും അമ്മയും 13 വയസ്സായ പെൺകുട്ടിയുമടങ്ങുന്ന കുടുംബം. മരിക്കുന്ന സമയം പെൺകുട്ടി 9 മാസം ഗർഭിണിയായിരുന്നു,  എന്ന അറിവ് കേരളത്തെയാകെ ഞെട്ടിച്ചു. കേസ് അന്വേഷിക്കുന്ന പോലീസിന് കൃത്യമായ ഒരു തെളിവായി പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പു കൂടി ലഭിച്ചിരുന്നു.  തങ്ങളുടെ മരണകാരണം പ്രതിയാണെന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. പോലീസ് കൃത്യമായി പ്രതിയെ പിടികൂടി. വിചാരണ കോടതി പ്രതിയെ ജീവപര്യന്തം തടവിനും വലിയ തുക പിഴ ഒടുക്കാനും വിധിച്ചു. 13 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിനും ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനുമായിരുന്നു ശിക്ഷ. പ്രതി ജയിലിലായി.

ജയിലിൽ നിന്നും ഫയൽ ആക്കിയ അപ്പീൽ കേരള ഹൈക്കോടതിയിൽ വാദത്തിന് എത്തി. അപ്പീൽ വിധി പ്രമാദമായി; കാരണം വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയെ നിരുപാധികം വിട്ടയച്ചുകൊണ്ടായിരുന്നു വിധി. സ്ത്രീകൾക്കെതിരെയുള്ള കുറ്റങ്ങൾ വാദം കേൾക്കുന്ന പ്രത്യേക ബെഞ്ചാണ് വിധി പറഞ്ഞത്. മരിച്ചു പോയ അച്ചന്റെയും അമ്മയുടെയും പതിമൂന്നുകാരിയായ മകളുടെയും ആത്മാക്കൾ കൂടി സങ്കടത്തിലായേക്കാവുന്ന അവസ്ഥ. ആരാണിതിന് ഉത്തരവാദി? പെൺകുട്ടിയെ ഗർഭിണിയാക്കിയത് ആരാണെന്ന ചേദ്യത്തിന് ഉത്തരമില്ല. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ആരാണ് എന്നതിനും ഉത്തരമില്ല. പക്ഷെ ഒരു കാര്യം കോടതിക്കും ഉറപ്പാണ്- പെൺകുട്ടി അവിഹിതമായി ഗർഭിണിയായിരുന്നു. അതു തന്നെയാണ് ആ കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണവും. പക്ഷെ കോടതിയും നിസ്സഹായാവസ്ഥയിലായിരുന്നു.  

 

കേസന്വേഷണവും വിചാരണയും

ക്രിമിനൽ കേസുകളുടെ അന്വേഷണവും തുടർന്നുണ്ടാകുന്ന വിചാരണയും എപ്പോഴും പരസ്പരപൂരങ്ങളാണ്. കൃത്യമായ അന്വേഷണം നടത്തി കോടതിയിൽ ഫയലാക്കുന്ന ചാർജുകളിൽ മാത്രമേ പ്രതി ശിക്ഷിക്കപ്പെടാറുളളൂ. സാക്ഷികളിലൂടെയും മറ്റ് തെളിവുകളിലൂടെയും സംഭവത്തിന്റെ പച്ചയായ യാഥാർത്ഥ്യം ബോധ്യം വന്നാൽ വിചാരണ കോടതി പ്രതിക്കു ശിക്ഷ നൽകും. അത് നിയമപരവും ശാസ്ത്രീയവുമല്ലെങ്കിൽ മേൽ കോടതികൾ അത് റദ്ദാക്കുകയും ചെയ്യും. പലകേസുകളിലും പ്രതിയെ പിടികൂടുന്നതു കളർഫോട്ടോയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ പേരു സഹിതം വാർത്തിൽ വരും. പിന്നീട് അവർ ജാമ്യത്തിലിറങ്ങുന്നതോ കേസിൽ വെറുതെ വിടുന്നതോ വാർത്തയാകാറില്ല. 


കോടതിയിൽ പോലീസ് ഫയൽ ചെയ്യുന്ന ചാർജ്ഷീറ്റുകൾ പ്രകാരം സാക്ഷി മൊഴി നൽകിയില്ലെങ്കിലും, കേസ് വെറുതെ വിടും. സിനിമാസ്റ്റൈൽ അന്വേഷണവും കോടതിമുറികളുമാണ് സാധാരണയായി ആളുകളുടെ മനസ്സിൽ ഉണ്ടാകുന്നത്. നിയമപരമായ പഴുതുകൾ ശേഷിപ്പിക്കാതെ തുടക്കം മുതൽ തന്നെ നല്ല രീതിയിൽ നടത്തുന്ന അന്വേഷണമാണ് പ്രതിയെ ശിക്ഷിക്കാൻ കോടതിയെ സഹായിക്കുന്നത്. ഇല്ലാത്ത സാക്ഷികളെ ഉണ്ടാക്കുമ്പോഴും കളവായി തൊണ്ടി മുതലുകൾ സൃഷ്ടിക്കുമ്പോഴുമൊക്കെ എവിടെയെങ്കിലും പാളിച്ചകൾ ഉണ്ടാകുകയും കേസ് വെറുതെ വിടുകയും ചെയ്യുന്നു. 


ഈ കേസിലെ പതിമൂന്നുകാരിയും അച്ചനുമമ്മയും വീട്ടിൽ പെപ്‌സിയിൽ വിഷം കലർത്തി കുടിച്ച് മരിച്ചുകിടക്കുമ്പാഴും അതൊന്നുമറിയാതെ സ്‌കൂൾ വിദ്യാർത്ഥിയായ മകൻ ക്‌ളാസ് കഴിഞ്ഞ് തിരികെ എത്തി. വീട് അടച്ചു കിടക്കുന്നതു കണ്ട് അന്വേഷിച്ച് ബന്ധുക്കൾ എത്തിയപ്പോഴാണ് അകത്തെ മുറിയിൽ മരിച്ചു കിടക്കുന്നവരെ കണ്ടത്. വിവരം പോലീസിൽ അറിയിച്ചു. 13 കാരി ഗർഭിണിയാണെന്ന വിവരം മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് അയൽവാസികളും ബന്ധുക്കളും അറിഞ്ഞിരുന്നുവെന്നും   ഗർഭത്തിനു കാരണക്കാരനായ മനോജ് (പേര് സാങ്കൽപ്പികം) സ്ഥിരമായി അവിടെ വരാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ കുടംബനാഥനും ഇയാളും തമ്മിൽ തർക്കമുണ്ടായെന്നും, 13 കാരിയുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ തങ്ങൾ മരിച്ചു കളയുമെന്നും പറയുന്നത് കേട്ടുവെന്നതിന് സാക്ഷികളുമുണ്ടായിരുന്നു. 


അറസ്റ്റ് വളരെ പെട്ടന്ന്

ആത്മഹത്യാ കുറിപ്പു കൂടിയായപ്പോൾ പേലീസിനെ പ്രതിയെ അധികം അന്വേഷിക്കേണ്ടി വന്നില്ല. അറസ്റ്റും റിമാന്റും ഒക്കെ വളരെ പെട്ടന്ന് നടന്നു. പ്രതി പോലീസിൽ എന്ത് കുറ്റസമ്മതം നടത്തിയാലും തൊണ്ടി മുതൽ കണ്ടെടുക്കുന്നതിനൊഴികെ മറ്റൊന്നിനും കോടതിയിൽ നിയമസാധുതയില്ല. അല്ലെങ്കിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി എടുക്കണമായിരുന്നു. ഇതൊക്കെ അറിവുള്ള പോലീസ് ചുരുക്കം ചില സെൻഷേണൽ കേസുകളിൽ ഇത് ചെയ്യും. അല്ലാത്ത കേസിലൊക്കെ ഗതി ഇതു തന്നെ. 

ഈ കേസിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണകോടതി പ്രതിയെ ശിക്ഷിച്ചത്. പ്രതിയാണ് 13കാരിയുടെ വയറ്റിലുണ്ടായിരുന്ന കുട്ടിയെ പിതാവെന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തെളിയിക്കാൻ പ്രോസിക്യൂഷൻ  ശ്രമിച്ചത്. അത് വിചാരണകോടതി അംഗീകരിക്കുകയും ചെയ്തു. വയറ്റിലുള്ള കുട്ടിയുടെ ഡി എൻ എ പരിശോധന കൂടി നടത്തിയരുന്നെങ്കിൽ പ്രതി തന്നെയാണ് കുട്ടിയുടെ പിതാവെന്നതിന് രേഖാമൂലമുള്ള തെളിവുകൂടി ആകുമായിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ അത് ചെയ്തില്ല.

കേസന്വേഷണവും നിയമപാലനവും

കേരള പോലീസിൽ കേസ് അന്വേഷണത്തിനും ലോ & ഓർഡർ പാലിക്കുന്നതിനും വെവ്വേറെ ടീം ഉണ്ടാകണെമന്നത് ദീർഘകാല ആവശ്യമായിരുന്നു. ഇതു സംബന്ധിച്ച് ഏതാനും ചില സർക്കുലറുകളും ഈയിയെ പോലീസ് മേധാവി പറപ്പെടുപ്പിവിച്ചിരുന്നു. എന്നാൽ ഇന്നും സാങ്കേതികമായി ഒരേ ഓഫീസർമാർ തന്നെയാണ് ഈ രണ്ട് വിഭാഗത്തിലും കാര്യങ്ങൾ ചെയ്യുന്നത്. ക്രൈം ബ്രാഞ്ച് പോലുള്ള വിംഗുകളിൽ ലോക്കൽ പോലീസിൽ നിന്നു തന്നെ സ്ഥലം മാറ്റം കിട്ടി വരുന്നവരാണുള്ളത്. മാത്രമല്ല, പ്രത്യേകമായി ഏൽപ്പിക്കുന്ന കേസുകൾ മാത്രമാണ് അവർ കൈകാര്യം ചെയ്യുന്നത്. 

പ്രതിഭാഗം കോടതിയിൽ എന്ത് വാദങ്ങൾ ഉന്നയിക്കുമെന്ന് ആദ്യമേ മനസ്സിൽ കണ്ടുകൊണ്ടുവേണം ക്രിമിനൽ കേസ് അന്വേഷണം നടത്താൻ. എത്ര സത്യമുണ്ടായാലും നിയമം വ്യാഖ്യാനിച്ചിരിക്കുന്ന രീതിയിൽ അത് അന്വേഷണത്തിന്റെ ഭാഗമായി തെളിവു സഹിതം കോടതിയിൽ എത്തിയാൽ മാത്രമാണ് ശിക്ഷയിൽ അവസാനിക്കുന്നത്. അതും സാക്ഷികൾ കൂറുമാറിയില്ലെങ്കിൽ. അതുകൊണ്ടു തന്നെ ക്രിമിനൽ നിയമ നടപടികളിൽ പരിജ്ഞാനമുള്ളവരായിരിക്കണം അന്വേഷണ ഉദ്യോഗസ്ഥർ. ഇന്ന് നിയമപരമായി യാതൊരു വിദ്യാഭ്യാസ്യ യോഗ്യതയും സബ് ഇൻസ്‌പെക്ടർ തസ്തികയിൽ തെരഞ്ഞെടുക്കുന്നതിന് ആവശ്യമില്ല. ഒന്നുകിൽ ഈ തെഞ്ഞെടുപ്പ രീതിക്ക് മാറ്റമുണ്ടാകണം. അല്ലെങ്കിൽ ദീർഘകാലം ഈ ഹൗസ് ട്രെയിനിംഗ് നൽകണം. ഇതു രണ്ടുമില്ലെങ്കിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കണക്കുകൾ പരിശോധിച്ചാൽ അറിയാം. എങ്ങനെയെങ്കിലും പ്രതിയെ പിടികൂടി റിമാന്റിലാക്കിയതുകൊണ്ട് കാര്യമില്ല. പ്രോസിക്യൂഷൻ വിജയകരമായി നടത്തി ശിക്ഷ വാങ്ങിക്കുന്നതിലൂടെയാണ് നിയമവാഴ്ച നടപ്പിലാകുന്നത്. 

കോടതി പറഞ്ഞത്

കേസ് വെറുതെ വിട്ടെങ്കിലും കോടതി ശക്തമായ രീതിയിൽ അന്വേഷണത്തിന്റെ അപാകത സൂചിപ്പിച്ചിട്ടുണ്ട്. കോടതി വിധിയുടെ ഒരു പകർപ്പ് ആഭ്യന്തര വകുപ്പിന് അയച്ചു കൊടുക്കാനും ഉത്തരവുണ്ട്. - മനോജാണ് ഞങ്ങളുടെ മരണത്തിനു കാരണം; ഞങ്ങൾ യാത്രയാകുന്നു - ഇതാണ് ആതമ്ഹത്യാക്കുറിപ്പ്. എന്നാൽ ആത്മഹത്യക്കുള്ള പ്രേരണയാകണമെങ്കിൽ മറ്റു തെളിവുകളൊന്നുമില്ലാത്തതിനാൽ  ഇതു മാത്രം പോര എന്നാണ് കോടതി പറഞ്ഞത്. മരിച്ച 13 കാരിയുടെ വയറ്റിലുളള കുട്ടിയുടെ അച്ചൻ മനോജാണ് എന്ന് ബന്ധിപ്പിക്കുന്ന യാതൊന്നും തന്നെ ആത്മഹത്യാക്കുറിപ്പിലില്ല എന്നതും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ സമയം എന്തു കൊണ്ട് ഡി എൻ എ പരിശോധനയ്ക്ക് ഭ്രൂണത്തിന്റെ സാമ്പിൾ അയച്ചുകൊടുത്തില്ല എന്ന ചോദ്യത്തിന് പോലീസ് ഉദ്യോഗസ്ഥൻ നൽകിയ മറുപടി ഇങ്ങനെയാണ് - പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയപ്പോഴേക്കും ശരീരം മറവ് ചെയ്തിരുന്നു. ഡി എൻ എ ടെസ്റ്റിന്റെ ചെലവ് ഭാരിച്ചതായതിനാലും അതിനു മുതിർന്നില്ല.- 

എന്നാൽ വസ്തുത അതല്ലെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. ഒന്നുകിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ അറിവില്ലായ്മ, അല്ലെങ്കിൽ മനപൂർവ്വമുള്ള വീഴ്ച. കാരണം മരണത്തിനു രണ്ടു മൂന്നു ദിവസം മുമ്പു തന്നെ പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് എഫ് ഐ ആർ പ്രകാരം വ്യക്തമാണ്. പിന്നെ എന്തുകൊണ്ട് അത്തരം അന്വേഷണം നടത്തിയില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. 


ഇത് ഒറ്റപ്പെട്ട സംഭവമല്ല. വെറുതെ വിട്ടുപോകുന്ന മിക്ക കേസുകളിലും അന്വേഷണത്തിന്റെ അപാകതയാകും കാരണം. ഏറ്റവും നല്ല ചെറിയ ഉദാഹരണം വാഹനാപകട കേസുകൾ തന്നെ. ആൾ മരിച്ചാൽ പിന്നെ അയാളുടെ ബന്ധുക്കളെയാരെയെങ്കിലുമായിരിക്കും അപകടത്തിന്റെ  ദൃക്‌സാക്ഷികളാക്കുക. അവരാകട്ടെ അപകടശേഷം സ്ഥലത്തെത്തിയവരായിരിക്കും. പിന്നീട് കേസ് കോടതിയിൽ എത്തുമ്പോൾ അവർ ഉള്ള സത്യം പറയും, കേസും വെറുതെ വിടും. പൊതുവിൽ കേസ് അന്വേഷണത്തിന് ലോക്കൽ പോലീസിന് ഇനിയും പരിജ്ഞാനം ആവശ്യമായിരിക്കുന്നു. പോലീസിനെ പഠിപ്പിക്കാൻ വരുന്നോ എന്ന ഈഗോ കൂടിയാകുമ്പോൾ സാധാരണക്കാരന് ഒന്നും അന്വേഷണഘട്ടത്തിൽ പ്രത്യേകിച്ച് പറയാനുമില്ല, പറഞ്ഞാൽ ഒട്ടു ഗൗരവത്തിൽ എടുക്കുകയുമില്ല.  


1 comment: