Search This Blog

Sunday, September 12, 2010

Against Moolampilly eviction for Vallarpadom container terminal.

വികസനവക്താക്കള്‍ കേള്‍ക്കാത്ത മനുഷ്യനൊമ്പരങ്ങള്‍
Imageഅഡ്വ. ഷെറി ജെ തോമസ്‌
ഫെബ്രുവരി 6, സ്ഥലം - മൂലമ്പിള്ളി, സമയം - രാവിലെ 11 മണി. എറണാകുളം ജില്ല ഡെപ്യൂട്ടി കളക്ടര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പറവൂര്‍ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പോലീസ്‌ ക്യാമ്പ്‌ ടീം, ഭാഷയറിയാത്ത ഖലാസികള്‍, ജെ സി ബി സംഘം എന്നിവരടങ്ങുന്ന സംഘം മൂലമ്പിള്ളിയിലെത്തി.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള പാത നിര്‍മ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പിനായാണ്‌ അവരെത്തിയത്‌. സര്‍വ്വ സന്നാഹവുമായെത്തിയ സംഘം പടപ്പുറപ്പാട്‌ തുടങ്ങിയത്‌ മുന്‍ അധ്യാപകനായിരുന്ന സെലസ്റ്റിന്‍ മാഷിന്റെ വീട്‌ പൊളി ആരംഭിച്ചുകൊണ്ടായിരുന്നു. മൂലമ്പിള്ളി പള്ളി വികാരിയുടെയും മറ്റു ചില സാമൂഹിക പ്രവര്‍ത്തകരുടെയും ചെറുത്തു നില്‍പ്പുണ്ടായിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട്‌ അവിടെ നടന്നത്‌ യഥാര്‍ത്ഥത്തില്‍ പുറം ലോകത്തെ അറിയിച്ചത്‌ ദൃശ്യമാധ്യമങ്ങളാണ്‌.

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനുവേണ്ടിയുള്ള ആ പടപ്പുറപ്പാടില്‍ അനേകര്‍ക്ക്‌ തങ്ങള്‍ ജനിച്ചു വീണ വീട്‌ ഇടിച്ചു തകര്‍ക്കുന്നതിന്‌ സാക്ഷ്യം വഹിക്കേണ്ടിവന്നു. സ്വന്തം കിടപ്പാടം തകര്‍ക്കുന്നതു കണ്ടു സമനില തെറ്റിയും അല്ലാതെയും എതിര്‍ത്തുനിന്നവരെ കൊലപാതകികളെയും അക്രമികളെയും നേരിടുന്നതുപോലെ പോലീസ്‌ അടിച്ചൊതുക്കി.

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍..
മൂലമ്പിള്ളിയില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ്‌ അതിക്രമം കണ്ട ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിഷയം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ എത്തിച്ചു. അതോടൊപ്പം തന്നെ മാധ്യമങ്ങളിലൂടെ വിഷയം അറിഞ്ഞ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ നടപടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പിലും അന്വേഷണത്തിലും ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ കിടപ്പാടം നഷ്ടമായവര്‍ ഉയര്‍ത്തിയ വെറും ആരോപണങ്ങളല്ലെന്ന്‌ തെളിഞ്ഞു. തെളിവെടുപ്പിന്റെ ഭാഗമായി മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ തന്നെ മൂലമ്പിള്ളി സന്ദര്‍ശിച്ചു. ജനങ്ങളില്‍ നിന്ന്‌ ചെറുത്തു നില്‍പ്പ്‌ ഉണ്ടായപ്പോള്‍ ശരിയായ രീതിയില്‍ റവന്യൂ ഉദ്യോഗസ്ഥരും പോലീസ്‌ ഉദ്യോഗസ്ഥരും കാര്യങ്ങള്‍ ചെയ്തില്ലെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

ജില്ലയിലെ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരോട്‌ ആലോചിക്കാതെ സ്വന്തം നിലയില്‍ കാര്യങ്ങള്‍ നടപ്പിലാക്കിയ ഉദ്യോഗസ്ഥര്‍ മനുഷ്യാവകാശ ലംഘനം നടത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി. ചെറുത്തുനില്‍പ്പ്‌ ഉണ്ടാകുമെന്ന്‌ മുന്‍കൂട്ടി അറിവുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സാഹചര്യം വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ചുരുക്കത്തില്‍ മൂലമ്പള്ളിയില്‍ മനുഷ്യാവകാശലംഘനം നടന്നുവെന്ന്‌ അസന്നിഗ്ദ്ധമായി വിലയിരുത്തി.

മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്‌ ശക്തം... എന്നാല്‍ ...
മൂലമ്പിള്ളിയില്‍ മനുഷ്യാവകാശലംഘനം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്ത്‌ നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥനെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ കമ്മീഷന്‍ ഉത്തരവിട്ടു.ഏതൊക്കെ ഉദ്യോഗസ്ഥരാണ്‌ കുറ്റക്കാരെന്നും കണ്ടെത്തണം. ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നു തുക ഈടാക്കണം.. ഇങ്ങനെ പോകുന്നു കമ്മീഷന്‍ ഉത്തരവ്‌.
In view of the facts, I am of the opinion that there were violations of human rights by both revenue and police officials on account of which the residents including ladies and children suffered.I, therefore, deem it necessary for the Government to nominate an officer not below the rank of a Secretary to Government to conduct an enquiry with regard to the above incident for the purpose of fixing the responsibility of the officers involved in violating the human rights " Justice N. Dhinakar, Chairperson.
മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവ്‌ പെട്ടിയിലിരിക്കട്ടെ...
ലേഖകന്‍ നല്‍കിയ ഹര്‍ജിയുള്‍പ്പെടെ ആറോളം സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ ഉണ്ടായ ഉത്തരവ്‌ നടപ്പാക്കാന്‍ ഇനിയും താമസമെന്താണ്‌? മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും അനുകൂല ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ അത്‌ നടപ്പാക്കിയില്ലെങ്കില്‍ പിന്നെ ഇത്തരം ഉത്തരവുകള്‍ കൊണ്ട്‌ എന്ത്‌ പ്രയോജനം ? ഹൈക്കോടതി ജഡ്ജിക്കു തത്തുല്യമായ പദവയിയും മറ്റ്‌ അനുബന്ധ ഓഫീസും എന്തിനു വേണ്ടി നിലനിര്‍ത്തണം ? .... ഇങ്ങനെ നിരവധി ചേദ്യങ്ങള്‍ പൊതുജനത്തിന്‌ ചോദിക്കാനുണ്ടാകും. 
മനുഷ്യാവകാശ സംരക്ഷണ നിയമം 1993 വകുപ്പ്‌ 18 പറയുന്നത്‌ കമ്മീഷന്റെ ശുപാശകള്‍ സര്‍ക്കാരിന്‌ ലഭിച്ചുകഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ അല്ലെങ്കില്‍ കമ്മീഷന്‍ അനുവദിച്ച സമയത്തിനുള്ളില്‍ എന്തു നടപടികളെടുത്തുവെന്ന്‌ തിരികെ കമ്മീഷനെ അറിയിക്കണം എന്നാണ്‌.

മനുഷ്യാവകാശ സംരക്ഷണ നിയമം 1993 വകുപ്പ്‌ 18 പ്രകാരം താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം.1. ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും മനുഷ്യാവകാശ ലംഘനം നടന്നതായോ മനുഷ്യാവകാശ ലംഘനം തടയുന്നതിന്‌ ഉദാസീനത കാണിച്ചതായോ അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിനോട്‌ കമ്മീഷന്‌ ആവശ്യപ്പെടാം.
2. സുപ്രീം കോടതിയോടോ ഹൈക്കോടതിയോടൊ റിപ്പോര്‍ട്ടിന്‍മേല്‍ ഉത്തരവിറക്കാന്‍ കമ്മീഷന്‌ സമപിക്കാം. 
3. സര്‍ക്കാരിനോട്‌ ദുരിതത്തിനരയായവര്‍ക്ക്‌ ഇടക്കാല ആശ്വാസം നല്‍കാന്‍ ശുപാര്‍ശ ചെയ്യാം. 
4. പരാതിക്കാര്‍ക്ക്‌ ഉത്തരവിന്റെ പകര്‍പ്പ്‌ നല്‍കാം.
5. ഉത്തരവിന്റെ പകര്‍പ്പും ശുപാര്‍ശകളും സര്‍ക്കാരിന്‌ അയച്ചുകൊടുക്കുകയും കമ്മീഷന്റെ ശുപാശകള്‍ സര്‍ക്കാരിന്‌ ലഭിച്ചുകഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ അല്ലെങ്കില്‍ കമ്മീഷന്‍ അനുവദിച്ച സമയത്തിനുള്ളില്‍ എന്തു നടപടികളെടുത്തുവെന്ന്‌ തിരികെ കമ്മീഷനെ അറിയിക്കണം.
6. കമ്മീഷന്‍ സമര്‍പ്പിച്ച്‌ റിപ്പോട്ടിന്‍മേലുള്ള സര്‍ക്കാര്‍ നിലപാടും നടപടികളും പൊതുവായി പ്രസിദ്ധപ്പെടുത്താം. 
മൂലമ്പിള്ളി കുടിയിറക്കലില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന്‌ കമ്മീഷന്‍ കണ്ടെത്തിയെങ്കിലും നാളിതുവരെ സര്‍ക്കാര്‍ അതിന്‍മേല്‍ എന്തെങ്കിലും നടപടിയെടുത്തതായി പരാതിക്കാരെയൊ കുടിയിറക്കലിനിരയാവരെയോ കമ്മീഷനെത്തന്നെയോ അറിയിച്ചിട്ടില്ല. കുടിയിറക്കലിനുശേഷം ഖേദം പ്രകടിപ്പിച്ച്‌ പ്രസ്താവനകളിറക്കിയ മന്ത്രിപ്രമുഖര്‍ക്ക്‌ ഇത്‌ ഇനിയും എത്ര നാള്‍ കണ്ടില്ലെന്ന്‌ നടിക്കാനാകും? പ്രായശ്ചിത്തമായെങ്കിലും ചുവപ്പു നാടകള്‍ നീക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷെ മൂലമ്പിള്ളിക്കാര്‍ക്ക്‌ കാര്യമായ നഷ്ടപരിഹാരം ലഭിച്ചാലും ഇല്ലെങ്കിലും ഇനിയൊരു കുടിയിറക്കല്‍ സാക്ഷര കേരളത്തില്‍ ഉണ്ടാക്കാന്‍ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെടില്ലായിരുന്നു.

No comments:

Post a Comment