Whether police have authority to issue notice under section BNSS 35 (3) to an advocate representing an accused in a criminal case ?
ഒരു കേസ് അന്വേഷിച്ച് തെളിയിക്കുന്നതിന് എത്രമാത്രം ബുദ്ധിമുട്ടാണ് എന്നറിയാവുന്ന ഞാറക്കൽ പോലീസ് അതിനൊരു എളുപ്പവഴി കണ്ടെത്തി. കേസ് നടത്തുന്ന വക്കീലിനെ ചോദ്യം ചെയ്യുക. കുറ്റകൃത്യം ചെയ്തിട്ടുണ്ട് എന്ന് സംശയിക്കപ്പെടുന്നവർക്ക് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ ഹാജരാകുന്നതിന് അയക്കുന്ന ബി എൻ എസ് എസ് വകുപ്പ് 35 (3) പ്രകാരമുള്ള നോട്ടീസ് പ്രതികളുടെ കേസ് നടത്തുന്ന വക്കീലിന് തന്നെ അയച്ചു. പ്രതികൾ കൊടുത്ത രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടു. വക്കീലിനോട് ആകുമ്പോൾ പ്രതികൾ എല്ലാ സത്യവും പറഞ്ഞിട്ടുണ്ടാവുമല്ലോ. പോലീസിന് അത് ചോദിച്ചറിഞ്ഞാൽ കാര്യം എളുപ്പം.
പക്ഷേ ആ നോട്ടീസ് കേരള ഹൈക്കോടതി റദ്ദ് ചെയ്തു. പോലീസിന് ഇത്തരം ഒരു പണി ചെയ്യാൻ ഒരു അധികാരവും ഇല്ല എന്ന നിലവിലെ നിയമം എന്ന് വീണ്ടും എടുത്തുപറയുകയും ചെയ്തു. തെളിവ് നിയമത്തിന്റെ (ബി എസ് എ) വകുപ്പ് 132(1) പ്രകാരം അഭിഭാഷകനും കക്ഷിയും തമ്മിൽ ഉള്ള ആശയവിനിമയം പുറത്ത് പറയാതിരിക്കാൻ ഉള്ള അവകാശം നൽകുന്ന തരത്തിലുള്ള ഒന്നാണ്. അഭിഭാഷക നിയമത്തിലെ പ്രാക്ടീസ് ചെയ്യാനുള്ള അവകാശത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെ തൊഴിലെടുക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണ് അത്. ഒരു അഭിഭാഷകനെയും തന്റെ തൻറെ കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു പറയാൻ നിർബന്ധിക്കാൻ ആവില്ല. അത്തരത്തിൽ എന്തെങ്കിലും വെളിപ്പെടുത്തേണ്ടി വരുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ അഭിഭാഷകന് അവകാശവും ഉണ്ട്. സംസ്ഥാന പോലീസ് മേധാവിയോട് എങ്ങനെയാണ് കേസ് അന്വേഷണത്തിന് വേണ്ടിയുള്ള ഇത്തരം നോട്ടീസുകൾ നൽകേണ്ടത് എന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകാനും കോടതി ഉത്തരവിൽ പരാമർശം ഉണ്ട്.
ഈ കേസിനിടയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കോടതി വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. കോടതിയിൽ ഹാജരായ പോലീസ് ഉദ്യോഗസ്ഥൻ നോട്ടീസ് പിൻവലിച്ചതായി അറിയിച്ച് അതിൻറെ ഒരു പകർപ്പ് നൽകുകയും ചെയ്തിരുന്നു.
WP (Crl) 363.2025