Search This Blog

Tuesday, April 19, 2022

അടിയന്തര ഇടപെടലുകള്‍ കാത്ത് മത്സ്യമേഖല


 

അടിയന്തര ഇടപെടലുകള്‍ കാത്ത് മത്സ്യമേഖല
അഡ്വ. ഷെറി ജെ തോമസ്
 
കേരളത്തിന്‍റെ രക്ഷകര്‍ എന്നു വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന മത്സ്യമേഖല നിലനിന്ന് കാണണമെങ്കില്‍ കരുതലോടുകൂടിയുളള ഇടപെടലുകള്‍ ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  ഗണ്യമായ വരുമാനം കേരളത്തിനും, രാജ്യത്തിനും ഉണ്ടാക്കി കൊടുക്കുന്ന മത്സ്യമേഖലയില്‍ വിവിധ അനുബന്ധമേഖലകള്‍ കൂടി ഉള്‍പ്പെടുന്നു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.  പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, മത്സ്യകച്ചവടക്കാര്‍, ഐസ്പ്ലാന്‍റ്, പീലിംങ്ങ്, കയറ്റുമതി, ഉള്‍പ്പെടെയുള്ള അനുബന്ധസംവിധാനങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ് മത്സ്യമേഖലയുടെ നിലനില്പും വളര്‍ച്ചയും. 

ബോട്ടുകളധികവും  കരയിലാണ്

ഡീസലിന്‍റെ വില വര്‍ദ്ധിച്ചുവരുന്ന സാഹചര്യവും, മണ്ണെണ്ണയുടെ വില ഉയരുന്ന സാഹചര്യവും, കണക്കിലെടുക്കുമ്പോള്‍ ആയിരക്കണക്കിന് ബോട്ടുകളാണ് നഷ്ടം താങ്ങാനാകാതെ മത്സ്യബന്ധനത്തിന് പോകാതെ, തീരത്ത് കുറ്റിയടിച്ചിരിക്കുന്നത്.  അഥവാ കടം വാങ്ങി മത്സ്യബന്ധനത്തിനുപോയാല്‍ പോലും ഭാരിച്ച ചിലവ് താങ്ങാന്‍തക്ക തരത്തിലുള്ള മീനുകള്‍ ലഭ്യമാകുന്നില്ല.   മത്സ്യം ലഭ്യമായാല്‍ തന്നെ വിലക്കുറവ് എന്നിവയൊക്കെ ഗുരുതരമായ പ്രശ്നങ്ങളായി ഈ മേഖലയില്‍ തുടരുകയാണ്.  ചെമ്മീന്‍, കൂന്തല്‍, തുടങ്ങിയ തൂക്കമുള്ള മീനുകളുടെ കുറവ് ഇവയൊക്കെ ബോട്ടുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് വലിയ ഇടിവുണ്ടാക്കി.  ഭാരിച്ച തുക വായ്പയായി എടുത്ത് ബോട്ടുകള്‍ സ്വന്തമാക്കിയിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഇന്ന്  കടബാദ്ധ്യത താങ്ങാനാകാതെ കിട്ടുന്ന വിലക്ക് ബോട്ടുകള്‍ വില്‍ക്കാനൊരുമ്പെടുന്ന വാര്‍ത്തകള്‍ എങ്ങും കേള്‍ക്കാം.  ഡീസനിലാകട്ടെ ഈ മേഖലയില്‍ യാതൊരു സബ്സിഡിയുമില്ല. അനുദിനം നീറുന്ന പ്രശ്നങ്ങളുമായി കേരളത്തിലെ മത്സ്യമേഖല പകച്ചുനില്ക്കുകയാണ്.  

മണ്ണെണ്ണ വില

ബോട്ടുകളിലെ മത്സ്യബന്ധനത്തെ ഇന്ന് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് മണ്ണെണ്ണയുടെ വില തന്നെയാണ്. മണ്ണെണ്ണ വില ഇത്തരത്തില്‍ ഉയര്‍ന്നുനില്ക്കുന്നതുകൊണ്ട് തന്നെ കരിഞ്ചന്തയില്‍ മണ്ണെണ്ണ ലഭ്യമാകുന്ന സാഹചര്യങ്ങളും നിരവധിയാണ്.  മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മീന്‍ വരുന്നതുകൊണ്ടുതന്നെ വിലയും കുറവായിത്തീരുന്നു.  പലരുടേയും വള്ളത്തിന്‍റെപെര്‍മിറ്റുകള്‍ വായ്പക്കായി പണയത്തിലാണ്. നിലവില്‍ ഭൂരിഭാഗം ബോട്ടുകളും കടലില്‍ പോകാത്ത സാഹചര്യമാണ് ഉള്ളത്.  ഒരുമാസം ആയിരത്തിലധികം ലിറ്റര്‍ മണ്ണെണ്ണ ബോട്ടുകള്‍ക്ക് ആവശ്യം അതേസമയം പെര്‍മിറ്റ് പ്രകാരം ലഭിക്കുന്നത് 90 ലിറ്റര്‍ മാത്രമാണ് കേവലം രണ്ടു ദിവസത്തേക്കാണ് അതുപകരിക്കുക.  മത്സ്യഫെഡില്‍ നിന്ന് സബ്സിഡിയായി അക്കൗണ്ടില്‍ വന്നിരുന്ന സംവിധാനവും കഴിഞ്ഞ കുറേ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.  അതേസമയം മണ്ണെണ്ണ കരിഞ്ചന്തയില്‍ സുലഭമാണുതാനും.

മലിനീകരണം

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയം കായല്‍ മലിനീകരണമാണ്.  കായലോര മത്സ്യബന്ധനമേഖല പരിസ്ഥിതി മലിനീകരണം മൂലം തകര്‍ച്ച നേരിടുകയാണ്. കക്ക വാരുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധി ഈ മേഖലയില്‍ പലരും തെളിവുസഹിതം പറഞ്ഞുകൊണ്ടിരിക്കുന്നു.  കായല്‍ നികന്നുകൊണ്ടിരിക്കുന്ന സാഹചര്യം അതിലേറെ ഗുരുതരായി ഈ മേഖലയെ ബാധിക്കുന്നു  ഒന്നുകില്‍ അഴമില്ലാതെ കായല്‍ നികന്നുകൊണ്ടിരിക്കുന്ന അവസ്ഥ അതല്ലെങ്കില്‍ വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥ.  ഈ രണ്ടു അവസ്ഥയിലും കരിമീന്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ ലഭ്യമാകാത്ത സാഹചര്യം.  പല ഫാക്ടറികളില്‍ നിന്നും ഒഴുക്കുന്ന മലിനീകരണം ജലമലിനീകരണം മൂലം കായലിലേക്ക് ഇത്തരം അഴുക്കുകള്‍ വന്നു കയറുമ്പോള്‍ അതിലെ മണം കൊണ്ടു തന്നെ അറിയുവാന്‍ കഴിയുമെന്ന് മത്സ്യത്തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നത്.  ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തദ്ദേശഭരണകൂടതലത്തില്‍ തന്നെ നടപടികള്‍ തുടങ്ങാമെങ്കിലും അവയൊന്നും ഉണ്ടാകുന്നില്ലായെന്നുള്ളതും ഈ മേഖലയിലെ പരാതിയായി നിലനില്ക്കുന്നു.  പോളപ്പായല്‍ മുതലായ വിഷയങ്ങള്‍ വര്‍ഷകാലമാകുമ്പോഴേക്കും വീണ്ടും ഗുരുതരമാകുന്നു.  മഴമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം ഈ മേഖലയെ പ്രതിസന്ധിയിലാഴ്ത്തുകതന്നെ ചെയ്യും.  ക്ഷേമനിധികള്‍ ഒരു പരിധിവരെ ആശ്വാസമാകുമെങ്കിലും പലര്‍ക്കും പ്രഖ്യാപിച്ച തുക പോലും മുഴുവനായും കിട്ടിയിട്ടില്ല എന്നുള്ളത് തെളിവുകള്‍ ധാരാളം.  പെര്‍മിറ്റുകള്‍ പണയത്തിലായിരിക്കുന്നതുകൊണ്ടുതന്നെ പെര്‍മിറ്റ് പുതുക്കാനാകാത്തതും ക്ഷേമനിധികള്‍ പലര്‍ക്കും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നു.  അതേസമയം കരിഞ്ചന്തക്കാര്‍ക്ക് അധികാര ഉദ്ദ്യോഗസ്ഥ ലോബികളുമായുള്ള ബന്ധത്തിന്‍റെ പേരില്‍പെര്‍മിറ്റ് പുതുക്കല്‍ എളുപ്പം നടക്കുന്നുവെന്നും പരക്കെ ആരോപണമുണ്ട്. 
ഉള്‍നാടന്‍ ജലാശയങ്ങളിലെ ജലവാഹനങ്ങളില്‍ നിന്ന് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍നാടന്‍ ജലാശയങ്ങളുടെ അടിത്തട്ടില്‍ അടിഞ്ഞു കൂടുകയും അത് നീരൊഴുക്കിന്‍റെ ഫലമായി സമുദ്രത്തിലേയ്ക്ക് വ്യാപിക്കുകയും ചെയ്യുന്നതുമൂലം ഉള്‍നാടന്‍ ജലാശയങ്ങളിലും സമുദ്രത്തിലും മത്സ്യോല്‍ പാദനം കുറയുകയും മത്സ്യബന്ധനം അസാധ്യമാകുകയും ചെയ്യുന്നു. ഉള്‍നാടന്‍ ജലാശയങ്ങളിലേയും സമുദ്രത്തിലേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ച് ജലാശയങ്ങളുടെ ആവാസ വ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

അനുബന്ധമേഖലകളും തകര്‍ച്ചയില്‍

അനുബന്ധമേഖലകളായി കണക്കാക്കാവുന്ന ഐസ് പ്ല്ാന്‍റ്, പീലിംങ്ങ്, കയറ്റുമതി സംവിധാനങ്ങള്‍ ഇവയൊക്കെ മത്സ്യമേഖലയിലെ പ്രതിസന്ധിമൂലം പ്രതികൂലമായി ബാധിക്കപ്പെട്ട അവസ്ഥയിലാണ്.  അതേസമയം 25000 ഹെക്ടര്‍ പാടശേഖരങ്ങള്‍ തരിശായി ഇന്ന് കേരളത്തിലുണ്ട് എന്നാണ് കയറ്റുമതിമേഖലയിലെ ഒരു വിഭാഗം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്.  ആ സര്‍വ്വെ പ്രകാരമുള്ള പഠനത്തിനടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് അവര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത് തരിശായി കിടക്കുന്ന പാടശേഖരങ്ങളില്‍ മത്സ്യകൃഷി നടത്തുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് പക്ഷേ, ഈ അഭിപ്രായം മറ്റു പലപ്രായോഗികബുദ്ധിമുട്ടുകളും പറഞ്ഞ് സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ തള്ളിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.  
മത്സ്യത്തില്‍ നിന്ന് വിവിധ തരം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് അഭ്യന്തര വിപണിയിലും വിദേശ വിപണിയിലും എത്തിക്കാനുള്ള സാഹചര്യം ഉണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് മത്സ്യമേഖലയിലെ വനിതകളെ വിനിയോഗിക്കുകയാണെങ്കില്‍ ഒരു ചെറുകിട സംരംഭം എന്ന നിലയില്‍ സ്ഥിരം വരുമാനം ഉണ്ടാക്കാന്‍ സാധിക്കും .മത്സ്യഫെഡില്‍ തന്നെ പതിനയ്യായിരത്തോളം സ്വയം സഹായ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മത്സ്യോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് അവരുടെ സേവനം ഭാഗീകമായിട്ട് മാത്രമേ വിനിയോഗിക്കാന്‍ സാധിക്കുകയുള്ളൂ. സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ കീഴിലുള്ള സാഫ് എന്ന സ്ഥാപനം വഴി തീരമൈത്രി പദ്ധതി അനുസരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നെങ്കിലും അതിന്‍റെ പ്രയോജനം വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ. തീരമേഖലയിലെ സ്ത്രീകളുടെ തൊഴിലില്ലാഴ്മ പരിഹരിക്കുന്നതിന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം ഒരു പ്രധാന തൊഴിലായി അംഗീകരിച്ച് നടപ്പിലാക്കാന്‍ വേണ്ട സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. 

നിയമനിര്‍മ്മാണങ്ങള്‍ 

നിയമനിര്‍മ്മാണങ്ങളുടെ കാര്യത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക്  അനുകൂലമായ  നിലപാടുകള്‍ ഉണ്ടെന്നു പറയാനാവില്ല. 2020 -ലെ നാഷണല്‍  മറൈന്‍ ഫിഷറീസ് പോളിസി നിലവിലെ കേന്ദ്രനയം വ്യക്തമാക്കുന്നു.  ബ്ലൂ എക്കണോമി ഉള്‍പ്പെടെയുള്ള നയപരിപാടികള്‍ കടലിനെ എങ്ങനെ ചൂഷണം ചെയ്യാം  എന്നതില്‍ മാത്രം ലക്ഷ്യം വയ്ക്കുന്നു. കടലിന്‍റെ കാവല്‍ക്കാരായ മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം അവിടെ പ്രഥമ പരിഗണനയില്‍ ഉള്ള കാര്യമല്ല.  പരമാവധി കടലിലെ വിഭവങ്ങളെ ചൂഷണം ചെയ്ത് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതു മാത്രമാണ് ലക്ഷ്യം.  കേരളത്തിലാകട്ടെ കെഎംഎഫ്ആര്‍ നിയമഭേദഗതി (2018),  കൂടാതെ, മത്സ്യസംഭരണവും, വിപണനവും, ഗുണനിലവാരവും നിയമം 2021, കേരള ഉള്‍നാടന്‍ഫിഷറീസ് അക്വ.കള്‍ച്ചര്‍ നിയമം 2021 ഇവയൊക്കെ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന നിയമങ്ങളാണ് എന്നിരിക്കെ ഈ നിയമനിര്‍ണത്തില്‍ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാ എന്നുള്ളതാണ് സത്യം.  ഇടനിലക്കാരെ ഒഴിവാക്കാന്‍ എന്ന പേരില്‍ വിവിധ സമിതികള്‍ ഈ നിയമങ്ങളിലൂടെ നടപ്പിലാക്കപ്പെടുമ്പോള്‍ പിടിച്ചു കൊണ്ടുവരുന്ന മത്സ്യത്തിന് മേല്‍ യാതൊരവകാശവുമില്ലാത്തവരായി മത്സ്യത്തൊഴിലാളികള്‍ മാറുന്നു. ദാരിദ്ര്യത്തില്‍ നിന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന തൊഴിലാളികളായി മത്സ്യമേഖലയിലുള്ളവര്‍ മാറുന്നു. ആര്‍ക്കുവേണ്ടിയാണോ നിയമനിര്‍മ്മാണം നടത്തിയത് അവരുടെ അഭിപ്രായങ്ങള്‍ പരിഗണനയിലെടുത്തിട്ടില്ല. 

    പരിസ്ഥിതി ദുര്‍ബല പ്രദേശമായ കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങളില്‍ നിയമ വിരുദ്ധമായി നടത്തുന്ന കരിമണല്‍ ഖനനം തീരവും തീരദേശ വാസികളേയും ഉന്മൂലനം ചെയ്യും. 


ഭവനനിര്‍മ്മാണം

തീരനിയന്ത്രണവിജ്ഞാപനത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുപോലും ഭവനനിര്‍മ്മാണത്തിന് യാതൊരു സാദ്ധ്യതപോലും ഇല്ലാത്ത അവസ്ഥ; അതേ സമയം ടൂറിസം പദ്ധതികള്‍ക്ക് മുന്‍ഗണന- അതാണ് കഴിഞ്ഞ വര്‍ഷം തദ്ദേശഭരണകൂടങ്ങള്‍ക്കായി പ്രസിദ്ധീകരിച്ച കരടിന്‍റെ അവസ്ഥ. മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണത്തിന് പ്രത്യേക പദ്ധതികള്‍ ആകാമെന്ന വിജ്ഞാപനത്തിലെ ഭാഗത്തിന് പരിഗണനയില്ല.  മത്സ്യത്തൊഴിലാളിക്കു യാതൊരു പ്രത്യേക പരിഗണനയുമില്ലാത്ത കാറ്റഗറി 2 ലേക്ക് തീരത്തെ 175 പഞ്ചായത്തുകളെ മാറ്റാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം.  പുനര്‍ഗേഹം എന്ന പേരില്‍ 10,0000/ (പത്തുലക്ഷം) രൂപയക്ക് കേരളത്തിലെങ്ങും ലഭ്യമാകാത്ത ഭൂമിയും, വീടും നിര്‍മ്മിച്ചെടുക്കാനുള്ള ആഹ്വാനവും അവര്‍ക്കു മുന്നില്‍ നിരത്തിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ നിയമം സംബന്ധിച്ച മാപ്പ് തയ്യാറാക്കുമ്പോള്‍ സംസ്ഥാനത്തെ 222 കടലോര ഗ്രാമങ്ങളുടേയും 115 ഉള്‍നാടന്‍ ഗ്രാമങ്ങളുടേയും തീരത്തധിവസിക്കുന്നവരെ സംരക്ഷിച്ചു കൊണ്ടായിരിക്കണം മാപ്പ് തയ്യാറാക്കേണ്ടത്. നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കില്ല എന്നു പറയുകയും അതെസമയം പദ്ധതി സ്വീകരിച്ചില്ലെങ്കില്‍ യാതൊരു വിധത്തിലുളള ദുരന്തനിവാരണ സഹായങ്ങളുമുണ്ടാകില്ല എന്നാണ് ഉത്തരവ്. എന്തുതന്നെയായാലും തീരം സംരക്ഷിക്കണം, അങ്ങനെയെങ്കില്‍ എന്തിന് മത്സ്യത്തൊഴിലാളികളെ തീരത്തുനിന്നകറ്റണം എന്ന ചോദ്യത്തിനും മറുപടിയില്ല. 
 
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിദേവനങ്ങള്‍ ഇന്ന് മത്സ്യമേഖലയില്‍ ഉണ്ട്. രാഷട്രീയ കക്ഷികളുടെ നയപരമായ നിയന്ത്രണത്തിലുള്ള ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്ക് രാഷ്ട്രീയത്തിനതീതമായ നിലപാടെടുക്കാന്‍ പരിമിതകള്‍ ഉണ്ട്. മത്സ്യമേഖലയെ സംരക്ഷിക്കാന്‍ സ്വന്തന്ത്ര നിലപാടുകളെടുക്കാന്‍ തക്ക ശേഷിയുള്ള തരത്തില്‍ ഈ മേഖലയില്‍ സംഘടിത മുന്നേറ്റങ്ങള്‍ അനിവാര്യമാണ്. 

  കാര്യമായ ഇടപെടലുകള്‍ നയപരമായിട്ടുതന്നെ ഉണ്ടായില്ലെങ്കില്‍ കശുവണ്ടി, കയര്‍, തുടങ്ങി പരമ്പരാഗതമേഖലകളൊക്കെ തകര്‍ച്ചയിലായതുപോലെ ഈ മേഖലയും തകരും. പട്ടിണിയും വറുതിയും -അതിഗുരുതരമായ പ്രതിസന്ധിയിലേക്ക്  കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം മാറും. അതുകൊണ്ടുതന്നെ മത്സ്യമേഖലയെ സംബന്ധിച്ച് സമഗ്രമായ നയപരിപാടികളും, സംരക്ഷണ പദ്ധതികളും, ഉണ്ടാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്.  
#Fishermen_crisis_Kerala

Friday, April 8, 2022

Wetland Act - Water conservancy

നികത്ത് ഭൂമി - തരം മാറ്റുന്നതിന് ജലസംരക്ഷണ നടപടികൾ എപ്പോഴും പാലിക്കണമോ ? 

2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം (Kerala conservation of paddy land and wetland Act) 2018 ൽ ഭേദഗതി ചെയ്തതിനുശേഷം ഭൂമി തരം മാറ്റുന്നതിന് സമൂലമായ മാറ്റങ്ങളും പുതിയ നടപടിക്രമങ്ങളും  ഉണ്ടായി. അതേസമയം ഭേദഗതിക്ക് മുമ്പ് ഭൂവിനിയോഗ ഉത്തരവ് (Kerala Land Utilisation Order)  പ്രകാരം നേടിയിരുന്ന നടപടിക്രമങ്ങളിൽ പുതിയ ഭേദഗതി പ്രകാരമുള്ള തുക കൊടുക്കേണ്ടതുമില്ല. 

വർഷങ്ങളായി കൈവശംവെച്ചിരിക്കുന്ന സ്വന്തം ഭൂമി തരം മാറ്റാനും ഉടമസ്ഥർ  സർക്കാറിലേക്ക് ഫീ നൽകണം. എന്നാൽ നെൽവയൽ തണ്ണീർത്തട നിയമപ്രകാരം സർക്കാരിന് ലഭിച്ചിരുന്ന നല്ലൊരു വരുമാനം 25 സെൻറ് വരെയുള്ള ഭൂമിക്ക് പണം വാങ്ങാൻ ആവില്ല എന്ന  ഉത്തരവിലൂടെ ഇല്ലാതായി. ഉത്തരവിന് മുന്നെ  അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കും അതിന്റെ ആനുകൂല്യം നൽകി കോടതി ഉത്തരവിറക്കി. 25 സെന്റിന്  മുകളിലുള്ള ഭൂമിക്കും ഭൂമി നിയമഭേദഗതിക്ക് മുന്നേ നടപടിക്രമങ്ങൾ നടത്തിയതാണെങ്കിൽ പണം ഒടുക്കേണ്ടതില്ല.

നടപടിക്രമങ്ങൾ എന്നു തുടങ്ങി എന്നത് പ്രസക്തമായ കാര്യമാണ്. അതിന് ആവശ്യമായ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്നുള്ളതും തിട്ടപ്പെടുത്തണം. അത്തരമൊരു കേസിൽ നിയമാനുസൃതം നൽകേണ്ടതായ കൃത്യമായ അപേക്ഷ നിയമഭേദഗതിക്ക് മുമ്പ് നൽകിയിരുന്നില്ല എന്ന് സർക്കാർ വാദിച്ചെങ്കിലും ഉത്തരവുകളുടെ /  നടപടികളുടെ വിശകലനത്തിൽ അപേക്ഷകൻ ഉദ്ദേശിച്ചിരുന്നതും സർക്കാർ നടത്തിയിരുന്ന നടപടിക്രമങ്ങൾ വ്യക്തമാക്കുന്നതും കാർഷികേതര ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തന്നെയായിരുന്നു എന്ന് കേരള ഹൈക്കോടതി വിലയിരുത്തി. മാത്രമല്ല ഭൂമി നികന്ന്കിടക്കുന്നത് ആണെന്നും സമീപപ്രദേശങ്ങൾ കെട്ടിടങ്ങൾ ഉള്ളതാണെന്നും കൃഷിക്ക് അനുയോജ്യമല്ല എന്നും റിപ്പോർട്ടുണ്ട്. 

അത്തരം സാഹചര്യങ്ങളിൽ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വകുപ്പ് 27 എ 4 പ്രകാരമുള്ള 10 ശതമാന ഭൂമി- ജല സംരക്ഷണ നടപടികൾ ആർ ഡി ഓ മാരുടെ ഉത്തരവിൽ പറയുന്നത് ശരിയല്ല. വകുപ്പ് 27 എ 4 പ്രകാരമുള്ള നടപടി ആണെങ്കിലും കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം ഉള്ളതാണെങ്കിലും തരം മാറ്റുന്നത് കൃഷിയെയോ വെള്ളമൊഴുക്കിനെയോ തടസ്സപ്പെടുത്തില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിൽ 10 ശതമാനം ഭൂമി ജലസംരക്ഷണത്തിനായി മാറ്റി വെക്കേണ്ടതില്ല. 
(WPC 21664.2021) 
#Wetland_Act
#Land_Utilisation_Order