ലോക്ക് ഡൗൺ ലംഘനം-വണ്ടി വിട്ടു കൊടുക്കലും പിഴയടയ്പ്പിക്കലും !
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ പുറത്തിറക്കിയിട്ടുള്ള നിരോധന ഉത്തരവ് ലംഘിച്ച്നിരത്തിലിറങ്ങുന്ന വാഹനങ്ങൾ ചില ഘട്ടങ്ങളിൽ പോലീസ് പിടിച്ചെടുക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ഇത്തരത്തിൽ പോലീസ് വാഹനങ്ങൾ പിടിച്ചെടുക്കേണ്ടതില്ല എന്നും പിഴ ഈടാക്കി വിട്ടു കൊടുക്കാവുന്നതാണ് എന്നും പറയുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പോലീസിൻറെ നിലപാട് കർക്കശമായതുകൊണ്ട് അനാവശ്യ കാര്യങ്ങൾക്ക് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറവാണ് എന്നത് വസ്തുതയാണ്.
*പോലീസിന് വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള അധികാരം*
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 102 പ്രകാരം മോഷണ മുതൽ എന്ന് സംശയിക്കുന്നതും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടു എന്ന് സംശയിക്കുന്നതുമായ വസ്തുക്കൾ/വാഹനങ്ങൾ പിടിച്ചെടുക്കാം. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടൻ തന്നെ ബന്ധപ്പെട്ട മജിസ്ട്രേറ്റിന് റിപ്പോർട്ട് ചെയ്യുകയും വേണം. പിടിച്ചെടുത്ത വസ്തു/വാഹനം കോടതിയിൽ ഹാജരാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ, അത് കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ, കേസിൻറെ അന്വേഷണത്തിന് വസ്തു/വാഹനത്തിൻറെ കസ്റ്റഡി അത്യാവശ്യം ഇല്ലെങ്കിൽ അത് കച്ചീട്ടിൽ തിരികെ നൽകാവുന്നതാണ്.
*കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള മറ്റ് അധികാരങ്ങൾ*
ചില നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടു കാണുന്ന വാഹനങ്ങളും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാം. മയക്കുമരുന്ന് കടത്തിക്കൊണ്ടു പോകുന്ന കേസുകളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ, വന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ, വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള കുറ്റങ്ങൾ, നിരോധിത ഖനനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിക്കുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ, കസ്റ്റംസ് നിയമത്തിൻറെ ലംഘനം, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമ ലംഘനം മുതലായ കാര്യങ്ങളിലൊക്കെ ആവശ്യമെങ്കിൽ കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാം. പക്ഷേ വാഹന ഡ്രൈവർ/ വാഹനത്തിൽ ഉള്ളവർ കുറ്റകൃത്യം ചെയ്തു എന്ന കാരണം കൊണ്ടു മാത്രം പിടിച്ചെടുത്തുകൂടാ എന്ന് കോടതി വിധിന്യായങ്ങളും ഉള്ളതാണ്. ഉദാഹരണത്തിന് ഡ്രൈവർ കഞ്ചാവ് കൈവശം വച്ചതിന് വാഹനം പിടിച്ചെടുക്കേണ്ടതില്ല എന്ന് (വാഹനത്തിൽ കഞ്ചാവ് കടത്തി എന്ന് കേസില്ലാത്തിടത്തോളം കാലം) അസന്നിഗ്ധമായി കേരള ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. (Crl MC 6189/2017 Judgment dated 9.1.18)
*പിഴ നിശ്ചയിക്കുന്നത് ആര്*
പിഴയടച്ച് തീർക്കാവുന്ന കുറ്റകൃത്യങ്ങൾ ഏതൊക്കെയെന്ന് ഓരോ നിയമത്തിനും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വകുപ്പിൽ പറയും. ചില കുറ്റകൃത്യങ്ങൾക്ക് പിഴ മാത്രമോ പിഴയും തടവും കൂടിയോ ശിക്ഷ വിധിക്കുന്നത് കോടതിയുടെ വിവേചനാധികാരം ആണ്. നിയമത്തിൽ പറയുന്ന പരമാവധി പിഴ ഈടാക്കണമോ ചുരുങ്ങിയ പിഴ ഈടാക്കണമോ എന്ന് തീരുമാനിക്കുന്നതും കോടതികളാണ്. പിഴ അടയ്ക്കുന്ന തന്നെ കുറ്റം സമ്മതിച്ചു എന്ന അർത്ഥത്തിലാണ്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഴ നിശ്ചയിച്ച് അത് നിർബന്ധമായി ഈടാക്കാൻ അധികാരമില്ല. കുറ്റത്തിന് റിപ്പോർട്ട് കോടതിയിൽ നൽകി കോടതിയിൽ നിന്ന് സമൻസ് ആരോപണവിധേയന് ലഭിച്ച് കുറ്റം സമ്മതിക്കണമോ നിരപരാധിത്വം തെളിയിക്കണമോ എന്ന് തീരുമാനിക്കേണ്ടത് അയാളാണ്. അന്വേഷണ ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന പിഴ നിർബന്ധമായും അടയ്ക്കണമെന്ന് നിയമമില്ല എന്നർത്ഥം. ഉദാഹരണത്തിന് വാഹന അപകടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുമ്പോൾ അപകടത്തിൽ ഉൾപ്പെട്ട വാഹനം പിടിച്ചെടുക്കും. പിടിച്ചെടുക്കൽ മഹസർ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കും. കോടതിയിൽ റിപ്പോർട്ട് ഫയൽ ആക്കി സമൻസ് വരുമ്പോൾ മരണം സംഭവിക്കാത്ത കേസുകളിൽ/ കുറ്റം സമ്മതിക്കുന്നത് കൊണ്ട് മറ്റ് ബാധ്യതകൾ ഉണ്ടാകാത്ത കേസുകളിൽ, ആരോപണവിധേയൻ ഒരുപക്ഷേ കോടതിയിൽ കുറ്റം സമ്മതിച്ച് പിഴ അടയ്ക്കും. എന്ന് കരുതി ആ കാര്യം പോലീസിന് വാഹനം പിടിച്ചെടുക്കുന്ന സമയത്ത് തന്നെ പിഴ ഈടാക്കാനുള്ളള അധികാരം നൽകുന്നില്ല. കുറ്റം സമ്മതിക്കുന്ന ആരോപണവിധേയനും പോലീസിന് മുന്നിൽ തന്നെ പിഴയടച്ചു പോകാനുള്ള അവസരവും ഇല്ല. കാരണം പിഴ മാത്രമാണോ ജയിൽകൂടിയുണ്ടോ എന്ന് ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയാണ്.
*വേറെയും വാദങ്ങൾ ഉയരാം*
1897 ലെ പകർച്ചവ്യാധി നിയമം 1956 നവംബർ ഒന്നിനു മുമ്പ് പാർട്ട് ബി സംസ്ഥാനങ്ങളുടെ ഗണത്തിൽപ്പെടുന്ന പ്രദേശങ്ങൾക്ക് ബാധകമല്ല. [വകുപ്പ് 1(2)]
കേരളം അന്ന് അത്തരം പ്രദേശങ്ങളിൽ ഉൾപ്പെട്ടതായിരുന്നു. വാഹനഗതാഗതത്തിന് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് 2020 മാർച്ച് 23 ന് ആണ്. എന്നാൽ പിന്നീട് നിയമപരമായ സാങ്കേതിക പ്രശ്നം മനസ്സിലാക്കി കേരള പകർച്ചവ്യാധി ഓർഡിനൻസ് 2020 മാർച്ച് 26ന് പ്രസിദ്ധപ്പെടുത്തി. ഈ ഓർഡിനൻസിനെ അഞ്ചാം വകുപ്പ് പ്രകാരം ശിക്ഷ പറയുന്നത് രണ്ടുവർഷം തടവ് /10000 രൂപ പിഴ, അല്ലെങ്കിൽ രണ്ടും കൂടിയോ എന്നതാണ്. അതേസമയം പുതിയ ഓർഡിനൻസ് പ്രകാരം ഉള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നതാണ് ഈ ശിക്ഷ. കേരളത്തിൽ നിയന്ത്രണങ്ങൾ വരുത്തി പുറത്തിറക്കിയ ഉത്തരവ് 23.3.2020 ന് ആണ് എന്നും പുതിയ ഓർഡിനൻസ് വന്നത് 26.3.2020 ന് ആണ് എന്നും വാദങ്ങൾ ഉയരാം. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിയന്ത്രണ ഉത്തരവ് വന്നത് 24.3.2020 തീയതിയാണ്.
*ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് മറ്റു കേസുകൾ*
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 268 (പൊതു ശല്യം), വകുപ്പ് 269 (ജീവന് അപകടകരമായ പകർച്ചവ്യാധികൾ മനഃപൂർവ്വമല്ലാതെ പടർത്തുക), വകുപ്പ് 270 (ജീവന് അപകടകരമായ പകർച്ചവ്യാധികൾ മനപ്പൂർവ്വം പടർത്തുക), കേരള പോലീസ് നിയമത്തിലെ വകുപ്പ് 118 ഇ (അറിഞ്ഞുകൊണ്ട് പൊതുജനങ്ങൾക്ക് അപായം ഉണ്ടാക്കുന്നതോ പൊതുസുരക്ഷയ്ക്ക് വീഴ്ച ഉണ്ടാക്കുന്നതോ ആയ പ്രവർത്തി ചെയ്യുക) ഇനി വകുപ്പുകൾ ഒക്കെ ചേർത്തും പോലീസിന് കേസ് എടുക്കാവുന്നതാണ്. പക്ഷേ പിഴത്തുക കോടതിയിൽ അടയ്ക്കുന്ന കാര്യം തീരുമാനിക്കാൻ ആരോപണവിധേയന് അവകാശമുണ്ട്.
*എന്തായാലും വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്*
നിയമപരമായി തർക്കങ്ങൾ ഉന്നയിക്കാം എങ്കിലും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കുന്നതാണ് നല്ലത്. പുതിയ ഓർഡിനൻസിൻറെ വകുപ്പ് 9 പ്രകാരം ഈ ഓർഡിനൻസ് പ്രകാരം സദുദ്ദേശത്തോടെ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തികൾക്കെതിരെ നിയമനടപടികൾ നിലനിൽക്കില്ല എന്നും പറയുന്നു. എങ്കിലും ഏതുകാലത്തും നിയമവാഴ്ച സംരക്ഷിക്കപ്പെടണം എന്ന് നിർബന്ധമുള്ളവർക്ക് വ്യവഹാര സാധ്യതയും ഇല്ലാതില്ല.
No comments:
Post a Comment