ഒരു സ്ക്രാപ്പിൻറെ സ്മരണ
അയാൾ ഒരു പഴയ മിനിലോറി വാങ്ങിച്ചു. ഉപജീവനത്തിനായി സ്വയം ഓടിച്ച വരുമാനം ഉണ്ടാക്കാം എന്നു കരുതിയാണ് വാങ്ങിയത്. പക്ഷേ നിരന്തരം വർക്ക്ഷോപ്പിൽ ആയ വാഹനം വരുമാനത്തേക്കാൾ കൂടുതൽ ചെലവാണ് ഉണ്ടാക്കിയിരുന്നത്. ഒടുവിൽ വിചാരിച്ചു വാഹനം നിരത്തിൽ ഇറക്കണ്ട എന്ന്. കൊടുക്കേണ്ടിവരുന്ന
വാഹനനികുതി എങ്കിലും ഒഴിവാക്കാമല്ലോ എന്ന് കരുതി. വണ്ടി ഷെഡിൽ കയറ്റിയിട്ടു. കൂനിന്മേൽ കുരുവെന്നപോലെ പ്രളയം വന്നപ്പോൾ വാഹനം പൂർണമായും മുങ്ങുകയും ചെയ്തു. കുറെനാൾ കഴിഞ്ഞപ്പോൾ സ്ക്രാപ്പ് വിലയ്ക്ക് വാഹനം വിറ്റു.
നിനച്ചിരിക്കാതെ റവന്യൂ റിക്കവറി-
വാഹനം ഓടിച്ചാലും വെറുതെ ഇട്ടാലും നികുതി കൊടുക്കണം
വില്ലേജ് ഓഫീസിൽ നിന്നും ആളുകൾ വന്നു. റവന്യൂ റിക്കവറി ഉണ്ട് എന്നും വീട് ജപ്തി ചെയ്യണമെന്നും ആണ് ആവശ്യം. ഇന്നുവരെ ഒരു രൂപ പോലും എവിടെയും കുടിശ്ശിക ഉണ്ടാക്കാത്ത ആൾക്ക് എങ്ങനെ റവന്യൂ റിക്കവറി വരും ? ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇതാണ് - മോട്ടോർ വാഹന വകുപ്പിൽ നിയമപ്രകാരം വർഷാവർഷം അടയ്ക്കേണ്ട നികുതിയുടെ കുടിശികയാണ് ഒടുവിൽ വസ്തുവിൽ കുടിശിക ആയി വന്നത്. വാഹനം ഓടിക്കുന്നില്ലല്ലോ വർഷങ്ങളായി അത് ഷെഡ്ഡിലാണ് ഇപ്പോൾ സ്ക്രാപ്പ് വിലയ്ക്ക് വിൽക്കുകയും ചെയ്തു പിന്നെന്തിന് നികുതി. ചോദ്യങ്ങൾ ഒരുപാടുണ്ടായി പക്ഷേ ഒടുവിൽ കുടിശ്ശിക മുഴുവൻ ഒടുക്കേണ്ടി വരികയും ചെയ്തു. വാഹനം മോട്ടോർ വാഹന വകുപ്പിൽ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തില്ല എന്നത് തന്നെ കാര്യം.
വാഹനം ഉപയോഗിക്കാതെ വന്നാൽ എങ്ങനെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാം
മോട്ടോർവാഹന നിയമത്തിലെ വകുപ്പ് 55 പ്രകാരമാണ് വാഹനങ്ങളുടെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുന്നത്. വാഹനം നശിച്ചുപോയാലോ ഉപയോഗിക്കാനാകാത്ത വിധത്തിൽ സ്ഥിരമായി കേട് വന്നാലോ ഉടമസ്ഥൻ 14 ദിവസത്തിനുള്ളിൽ ഉടമസ്ഥൻറെ വാസസ്ഥലത്തിന്റെയോ തൊഴിൽ സ്ഥലത്തിൻറെയോ വാഹനം സാധാരണയായി സൂക്ഷിച്ചിരിക്കുന്ന അധികാരപരിധിയിലുള്ള വാഹന വകുപ്പ് ഓഫീസിൽ അറിയിക്കണം. അപ്രകാരം അറിയിപ്പു കിട്ടുന്ന വാഹന വകുപ്പ് ഓഫീസോ അല്ലെങ്കിൽ യഥാർത്ഥത്തിൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തോ രജിസ്ട്രേഷൻ ക്യാൻസൽ ആക്കാവുന്നതാണ്.
ഇതു കൂടാതെ തന്നെ വാഹന വകുപ്പ് അധികാരകേന്ദ്രം വാഹനം പരിശോധിക്കുന്നതിന് ഉടമസ്ഥന് അറിയിപ്പ് കൊടുക്കുന്നതും വാഹനം ഉപയോഗയോഗ്യമല്ല എന്ന് ബോധ്യപ്പെട്ടാലും അതുപയോഗിക്കുന്നത് പൊതുജനത്തിന് അപകടം ഉണ്ടാക്കും എന്ന് ബോധ്യം വന്നാലും കേടുപാടുകൾ തീർക്കുന്നത് സാധ്യമല്ല എന്ന ബോധ്യം വരുമ്പോഴും വാഹനത്തിൻറെ രജിസ്ട്രേഷൻ ഇല്ലാതാക്കാം. അല്ലാത്തപക്ഷം വാഹനം നിലവിലുണ്ട് എന്ന അനുമാനത്തിൽ വർഷാവർഷം അടയ്ക്കേണ്ട വാഹനനികുതി പിന്നീട് കുടിശ്ശികയായി റവന്യൂ അധികാരികളുടെ ഈടാക്കും.