വാഹനം വിൽക്കുമ്പോഴും വാങ്ങുമ്പോഴുമുള്ള ഉത്തരവാദിത്വങ്ങൾ എന്ത് ?
മുമ്പെങ്ങോ വിറ്റ വാഹനത്തിന് ഇപ്പോൾ കിട്ടിയ സമ്മാനം കണ്ട്
തങ്കപ്പൻ ഞെട്ടി !
#sold_vehicle_liability
തങ്കപ്പന് ഓര്‍ക്കാപുറത്ത് ലഭിച്ച സമ്മാനമാണ് ഒരു സമന്‍സ്. മോട്ടര്‍ ആക്സിഡന്‍റ് ക്ലെയിം ട്രൈബ്യൂണലില്‍ നിന്നാണ് സമന്‍സ് വന്നത്. ഒരു ഇരുചക്ര വാഹനം അപകടകരമായും ഉദാസീനമായും ഓടിച്ച് ആര്‍ക്കോ പരിക്ക് പറ്റിയെന്നും അതിന്‍റെ നഷ്ടപരിഹാരം താന്‍ നല്‍കണമെന്നുമാണ് കേസിന്‍റെ ചുരുക്കം. സമന്‍സിനോടൊപ്പമുളള ഹര്‍ജി വായിച്ച് തങ്കപ്പന്‍ ഞെട്ടിപ്പോയി. ഏതോ വണ്ടി എവിടെയൊ വച്ച് ഇടിച്ചതിന് തനിക്ക് എന്തിനാണ് സമന്‍സ് എന്ന് തങ്കപ്പന്‍ ആലോചിച്ചു. കൂടുതല്‍ ആലോചിച്ചപ്പോഴാണ് മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ വിറ്റ പഴയ മോട്ടോര്‍ സൈക്കിളിന്‍റെ നമ്പരാണ് പരാതിയില്‍ കാണിച്ചിരിക്കുന്നത് എന്ന് മനസ്സിലായത്. നമ്പര്‍ പോലും ഇപ്പോള്‍ ശരിക്ക് ഓര്‍മ്മയില്ല, മറന്നുപോയിരിക്കുന്നു. വണ്ടിക്ക് ഇന്‍ഷുറന്‍സ് കവറേജ് ഇല്ല. ഒടിച്ചിരുന്ന ആള്‍ക്ക് ലൈസന്‍സും ഇല്ലാ എന്നാണ് ആരോപണം.
ഇതുപോലെ ഒരുപാട് തങ്കപ്പന്‍മാര്‍ ഞെട്ടാറുണ്ട്. വാഹനം മിക്ക ആളുകളും വില്‍ക്കുമ്പോള്‍ ലഭിക്കേണ്ട വിലയെപ്പറ്റി മാത്രമായിരിക്കും ശ്രദ്ധ. വണ്ടി കൊണ്ട് പോകുന്നതോടൊപ്പം പണം വാങ്ങി പോക്കറ്റില്‍ വയ്ക്കുകയും ഒപ്പം കുറെ പേപ്പറുകളും ഒപ്പിട്ടുകൊടുക്കുന്നതും കഴിഞ്ഞാല്‍ പിന്നെ ആ വഴി ശ്രദ്ധിക്കാറില്ല. വാഹനം വാങ്ങിയ ആള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പില്‍ ഉടമസ്ഥത മാറ്റം അറിയിക്കാനും രേഖകളില്‍ പുതിയ ഉടമസ്ഥന്‍റെ പേര് രേഖകളില്‍ എഴുതിചേര്‍ക്കുകയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊള്ളാമെന്ന് ഉത്സാഹിച്ച് കൊണ്ടായിരിക്കും വണ്ടിയുമായി അയാള്‍ പോകുന്നത്.
വിറ്റ ആള്‍ക്കും ഉത്തരവാദിത്വം.
വാഹന വില്‍പ്പന സമയത്ത് പേപ്പറുകള്‍ ഒപ്പിട്ട് കൊടുത്ത് വീട്ടിലിരുന്നാല്‍ പോരാ. വാഹനം വിറ്റ് 14 ദിവസത്തിനുളളില്‍ പഴയ ഉടമസ്ഥന്‍ മോട്ടോര്‍ വകുപ്പ് അധികാരികളെ ബന്ധപ്പെട്ട നിശ്ചിത മാതൃകയില്‍ അറിയിച്ചിരിക്കണം. അങ്ങനെ അറിയിക്കാതിരുന്നാല്‍ അത് കുറ്റകൃത്യമാണ്. അതിനപ്പുറത്ത് വാഹനം അപകടത്തില്‍ പെട്ട് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്ത സാഹചര്യം വന്നാല്‍ മുഴുവന്‍ തുകയും പഴയ ഉടമസ്ഥന്‍ നല്‍കേണ്ടി വരും. വണ്ടി വിറ്റതാണെന്നോ ഇപ്പോള്‍ കൈവശം ഇല്ലന്നോ എന്നു ന്യായം പറഞ്ഞിട്ടും കാര്യമില്ല. മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം വില്‍ക്കുന്ന ആള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട രേഖാ ഇടപാടുകള്‍ നടത്തിയില്ലെങ്കില്‍ ഇത്തരം പ്രതിസന്ധി സ്വാഭാവികം.
വാങ്ങുന്ന ആളിന്‍റെ ഉത്തരവാദിത്വം
വാഹനം കൈയ്യില്‍ കിട്ടി അതിലിരുന്ന് പായാന്‍ ഒരുമ്പെടുമ്പോള്‍ നിയമപ്രകാരം മോട്ടോര്‍ വാഹന വകുപ്പില്‍ അറിയിക്കേണ്ട കാര്യങ്ങളില്‍ ചിലര്‍ അലംഭാവം കാണിക്കുന്നു. തിരെ ഉദാസീനരാണെങ്കില്‍ ഇന്‍ഷുറന്‍സ് പോലും അടച്ചുഎന്ന് വരില്ല. മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം വാങ്ങിയ ആള്‍ 30 ദിവസത്തിനുളളില്‍ വാഹനം ഉപയോഗിക്കുന്ന അധികാരപിരധിയിലുളള മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്ട്രേഷന്‍ രേഖള്‍ ഹാജരാക്കി മാറിയ ഉടമസ്ഥത രേഖകളില്‍ പ്രതിഫലിപ്പിക്കണം. അപ്രകാരം ചെയ്യതിരുന്നാല്‍ അതും ഒരു കുറ്റകൃത്യമാണ്. ഇന്‍ഷുറന്‍സ് യഥാസമയം പുതുക്കിയില്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് കംമ്പനി കൈയ്യൊഴിയുകയും അപകടത്തിന് കാരണമായ വാഹനത്തിന്‍റെ ഉടമസ്ഥന്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുകയും ചെയ്യും.
ഉടമസ്ഥത മാറ്റം എങ്ങനെ അറിയാം.
പല സംഭവങ്ങളിലും വണ്ടി വാങ്ങിക്കൊണ്ടുപോയ ആളുടെ മേല്‍വിലാസവും മറ്റ് വിവരങ്ങളും മറന്നുപോയിക്കാണും. ഒന്നിലധികം വണ്ടികള്‍ കൈമാറ്റം ചെയ്തിട്ടുണ്ടെങ്കില്‍ വാഹനത്തിന്‍റെ നമ്പര്‍ പോലും ഓര്‍ത്തിരിക്കാന്‍ സാധ്യതയില്ല. വിറ്റുപോയ വണ്ടിയെ സംബന്ധിച്ച് നിയമപ്രകാരം ചെയ്യേണ്ട കാര്യം ചെയ്തതോ ഇല്ലയോ എന്ന് അന്വേഷിച്ചറിയാന്‍ ആരുടെയും പുറകെ നടക്കേണ്ട കാര്യം ഇല്ല. കേരളാ മോട്ടോര്‍ വാഹന വകുപ്പിന്‍റെ www.keralamvd.gov.in എന്ന വെബ്സൈറ്റില്‍ കയറി വാഹന വിവരങ്ങള്‍ സംബന്ധിച്ച പേജില്‍ വിറ്റുപോയ വാഹനത്തിന്‍റെ നമ്പര്‍ ടൈപ്പ് ചെയ്ത് കൊടുത്താല്‍ നിലവിലുളള ഉടമസ്ഥന്‍റെ പേരുവിവരം അറിയാം. അതുപ്രകാരം ആര്‍ക്കാണ് ബാധ്യത വരുന്നതെന്ന് എളുപ്പത്തില്‍ അറിയാന്‍ പറ്റും. ഒരിക്കലെങ്കിലും വണ്ടി വില്‍പ്പന നടത്തിയിട്ടുള്ളവര്‍, എത്ര പരിചയക്കാര്‍ക്കാണ് നല്‍കിയതെങ്കിലും ഇത്തരം വിവരങ്ങള്‍ വെബ്സൈറ്റില്‍ അന്വേഷിക്കുന്നത് നല്ലതാണ്. പിന്നീട് അനാവശ്യ ബാധ്യതകള്‍ ഒഴിവാക്കാന്‍ അതുപകരിക്കും. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളാണ് വിറ്റതെങ്കില്‍ അതിന്‍റെ നികുതി കുടിശ്ശിക അടക്കാനുള്ള ബാധ്യതയും സര്‍ക്കാര്‍ രേഖകളിലുള്ള ഉടമസ്ഥനു തന്നെ വരും.