#എസ്എംഎസ്_വായിച്ച്_മനു_ഞെട്ടി !....
രാവിലെ തന്നെ വന്ന മെസ്സേജ് കണ്ട് മനു ഫോൺ എടുത്തു നോക്കി. മെസ്സേജ് വായിച്ച മനു ഞെട്ടി. സ്വന്തം അക്കൗണ്ടിൽ നിന്ന് എടിഎം ഉപയോഗിച്ച് നാൽപതിനായിരം രൂപ പിൻവലിച്ചു എന്നതിൻറെ മെസ്സേജ് ആണ്. വീട്ടിൽ നിന്നും 15 കിലോമീറ്റർ അപ്പുറമുള്ള ഫോർട്ട് കൊച്ചിയിലെ ഒരു എടിഎമ്മിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. പേഴ്സ് എടുത്തു പരിശോധിച്ചപ്പോൾ എടിഎം കാർഡ് ഭദ്രമായി ഉണ്ട്. മനു ഉടനെ ബാങ്കിലെത്തി പരാതി നൽകി. പരാതി സ്വീകരിച്ച ബാങ്ക് രശീത് നൽകുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ നിന്ന് എഫ്ഐആർ കൊണ്ടുവന്നാൽ നഷ്ടമായ പണം തിരികെ നൽകാം എന്നും പറഞ്ഞു. തൻറെ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ചെന്ന മനുവിനോട് അവർ പറഞ്ഞു പണം നഷ്ടമായ എടിഎം പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ. അവിടെ ചെന്നപ്പോൾ മനുവിനോട് പറഞ്ഞു എടിഎം നിയന്ത്രിക്കുന്ന ബാങ്കിൻറെ ഹെഡ്ഓഫീസ് പരിധിയിലുള്ള സ്റ്റേഷനിൽ പരാതി നൽകാൻ. അവിടെ ചെന്നപ്പോൾ പറയുകയാണ്, പരാതി സ്വീകരിക്കാൻ നിർവാഹമില്ല നിങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിച്ച് എങ്ങനെയെങ്കിലും ബാങ്കിൽ നിന്നും നഷ്ടപരിഹാരം വാങ്ങുക എന്ന്. മനു തന്നെ വേറെ ആരെയെങ്കിലും ഉപയോഗിച്ച് സ്വയം തട്ടിപ്പ് കഥ ഉണ്ടാക്കിയതാണോ അല്ലയോ എന്ന് തങ്ങൾ എങ്ങനെ വിശ്വസിക്കും എന്നായി പോലീസിൻറെ അടുത്ത ചോദ്യം.
ഇത് കഥയല്ല കഴിഞ്ഞ ദിവസം എറണാകുളത്ത് ഒരു ചെറുപ്പക്കാരൻ നേരിട്ട അനുഭവം ആണ്!
ബാങ്കിൽ നിന്ന് അനധികൃതമായി പണം നഷ്ടമായാൽ എന്താണ് പ്രതിവിധി
വിദേശ ഇന്ത്യക്കാരനായ ഒരാളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ബ്രസീലിൽ ഉള്ള എടിഎമ്മിലൂടെ രണ്ട് തവണകളിലായി പണം തട്ടിയ കേസിൽ ബാങ്കിനെതിരെ നിയമയുദ്ധം നടത്തി ഒടുവിൽ വിഷയം ഹൈക്കോടതിയിൽ അപ്പീൽ ആയി എത്തിയപ്പോൾ കേരള ഹൈക്കോടതി പ്രസ്താവിച്ച വിധി ശ്രദ്ധേയമാണ്. സുരക്ഷിതമായ ഇലക്ട്രോണിക് ട്രാൻസാക്ഷൻ ഉറപ്പാക്കാൻ ബാങ്കുകൾ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം തട്ടിപ്പുകൾക്ക് വിധേയമാകുന്ന അക്കൗണ്ട് ഉടമകൾക്ക് പണം തിരികെ നൽകാൻ ബാങ്കുകൾ തയ്യാറാകണം. ബാങ്ക് അറിയിക്കുന്ന എസ്എംഎസ് മുന്നറിയിപ്പ് വിവരങ്ങൾക്ക് ഉപഭോക്താവ് പ്രതികരിച്ചില്ലെങ്കിൽ പോലും ബാങ്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥമാണ് എന്നാണ് കേരള ഹൈക്കോടതി പറഞ്ഞത്.
വിധിയുടെ പകർപ്പ്
https://drive.google.com/file/d/1MniSvrrtfttuIByyflJ7rYKLmkD_uubY/view?usp=drivesdk
No comments:
Post a Comment