Search This Blog

Saturday, November 22, 2025

സമുദായ സർട്ടിഫിക്കറ്റ് - ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്

സമുദായ സർട്ടിഫിക്കറ്റ് - ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 

രാജ്യത്ത് ഭരണഘടന പ്രകാരം എല്ലാവരും തുല്യരാണ് (ആർട്ടിക്കിൾ 14). അതേസമയം എങ്കിലും പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ മതിയായ പ്രാതിനിധ്യം ഇല്ല എന്ന് ഭരണകൂടത്തിന് തോന്നിയാൽ  നിയമനങ്ങളിൽ സംവരണം നൽകാം. അതുകൊണ്ടുതന്നെ അത്തരം അപേക്ഷകളിൽ സമുദായം- ജാതി എന്നത് പിന്നോക്ക അവസ്ഥയുടെ പട്ടികയിൽ ഒരു പ്രധാന ഘടകമാണ്. 
കേന്ദ്ര-സംസ്ഥാന ഉദ്യോഗ സംവരണം വിദ്യാഭ്യാസ സംവരണം എന്നിവ സംബന്ധിച്ച് പ്രവേശനത്തിനും വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും സ്കോളർഷിപ്പുകൾക്കും  ജാതി സ്ഥിതി സംബന്ധിച്ച് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. 

അത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഓരോ പട്ടികയിലും ഉൾപ്പെട്ട ജാതി വിഭാഗങ്ങളുടെ വിവരങ്ങൾ ഇങ്ങനെയാണ് : 
1. പട്ടികജാതി SC
2. പട്ടിക ഗോത്രവർഗ്ഗം ST
3. മറ്റ് പിന്നോക്ക വിഭാഗങ്ങൾ OBC
4. മറ്റ് അർഹ സമുദായങ്ങൾ OEC I SC
5. മറ്റ് അർഹ സമുദായങ്ങൾ OEC II ST
6. മറ്റ് അർഹ സമുദായങ്ങൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കർക്കർഹതയുള്ള ഒബിസി വിഭാഗങ്ങൾ 
7. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലുള്ള സമുദായങ്ങൾ SEBC

ഇവയിൽ ഒന്നും ഉൾപ്പെടാത്ത ജാതി വിഭാഗങ്ങളെ സംവരണേതര വിഭാഗം എന്ന് കണക്കാക്കി സർട്ടിഫിക്കറ്റ് അനുവദിക്കുന്നു.EWS എന്ന വിഭാഗത്തിൽ കേന്ദ്രസർക്കാർ, സംസ്ഥാനസർക്കാർ ഉദ്യോഗ തലത്തിലും വിദ്യാഭ്യാസ തലത്തിലും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. 

അപേക്ഷകന്റെ എസ്എസ്എൽസി ബുക്ക് / സർട്ടിഫിക്കറ്റ് / വിദ്യാഭ്യാസരേഖ എന്നിവയിൽ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ജാതി സർട്ടിഫിക്കറ്റിന് പകരമായി കരുതാം എന്ന് സർക്കാർ ഉത്തരവ് ഉണ്ട്. G.O.(P) No. 1/2021/PIE&MD - 07.10.21 തീയതിയിലെ  ഉത്തരവിലാണ് ഈ പരാമർശം ഉള്ളത്. നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ്, EWS സർട്ടിഫിക്കറ്റ്, SC ST വിഭാഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് എന്നിവ ഈ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

മറ്റ് പിന്നാക്ക വിഭാഗങ്ങൾ OBC

ഭരണഘടനയുടെ 15(4), 16(4), ആർട്ടിക്കിൾ പ്രകാരം സാമൂഹികമായ വിദ്യാഭ്യാസപരമായി നിൽക്കുന്ന വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ഉദ്യോഗ മേഖലകളിൽ സീറ്റ് സംവരണവും ഇതര പരിരക്ഷകളും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിയിലെയർ (നിലവിൽ 8 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനം ഉള്ളവർ)  ഒഴിവാക്കിയാണ് വിവിധ ജാതികൾക്ക് നിശ്ചിത ശതമാനം സംവരണം നടപ്പിലാക്കിയിരിക്കുന്നത്. കേന്ദ്ര ഉദ്യോഗങ്ങളിൽ 27 ശതമാനം ഒന്നിച്ചുള്ള സംവരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ (OBC) പട്ടിക ആകാതെ സംസ്ഥാന സർക്കാരുകളാണ് തയ്യാറാക്കുന്നത്. 

SEBC - സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ

വിദ്യാഭ്യാസരംഗത്ത് പിന്നോക്ക വിഭാഗങ്ങൾക്ക് സീറ്റ് സംവരണം നൽകുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഈ ലിസ്റ്റിൽ എൺപതോളം സമുദായങ്ങൾ ഉൾപ്പെടുന്നുണ്ട്. 9 ജാതി ഗ്രൂപ്പുകൾക്കായി നിശ്ചിത ശതമാനം സംവരണം സാധാരണ വിദ്യാഭ്യാസം, പ്രൊഫഷണൽ കോഴ്സുകൾ, ബിരുദ ബിരുദാനന്തര കോഴ്സുകൾ എന്നിവയിൽ പ്രത്യേകമായി നൽകിയിരിക്കുന്നു. 

ഒ ബി സി സർട്ടിഫിക്കറ്റ് ലഭിക്കാൻ

മറ്റ് പിന്നോക്ക സമുദായത്തിൽ പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റിന് വേണ്ടി ഈ ഡിസ്ട്രിക്ട് മുഖാന്തരം നിശ്ചിത ഫോറത്തിൽ വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകണം. ജാതി രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ, സ്കൂൾ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡ്, പരിവർത്തനം നടത്തിയവരാണെങ്കിൽ ബന്ധപ്പെട്ട ഗസറ്റ് പരസ്യം എന്നിവ തെളിവായി ഹാജരാക്കണം.  വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഹാജരാക്കേണ്ട സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം തഹസിൽദാർക്കാണ്. വില്ലേജ് ഓഫീസർ സമർപ്പിക്കുന്ന പ്രാദേശിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തഹസിൽദാർ സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത്. 

മിശ്രവിവാഹിതരിൽ ഒരാൾ മറ്റു പിന്നാക്ക സമുദായത്തിൽ പെട്ടയാൾ ആണെങ്കിൽ അവരുടെ മക്കൾക്ക് മറ്റു പിന്നാക്ക സമുദായത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങൾക്കും മറ്റൊരു നിബന്ധനകൾക്ക് വിധേയമായി അർഹതയുണ്ട്. 

അഡ്വ ഷെറി ജെ തോമസ്

Friday, November 21, 2025

കുടികിടപ്പ് - സർട്ടിഫിക്കറ്റ് നഷ്ടമായാൽ പുതിയത് ലഭിക്കാൻ


കൂടുതൽ ഭൂമിയുള്ളവരിൽ നിന്ന് ഭൂമി ഏറ്റെടുത്ത്  ഭൂമി ഇല്ലാത്തവർക്ക് പതിച്ച് നൽകുന്നതിനുള്ള നിയമനിർമ്മാണമാണ് 1963ലെ കേരള ഭൂപരിഷ്കരണ നിയമം. അങ്ങനെയാണ് ജന്മിയുടെ ഭൂമിയിൽ താമസിച്ചുവന്നിരുന്ന കുടികിടപ്പുകാർ, കുടിയാന്മാർ എന്നിവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് കേരളത്തിൽ സാഹചര്യമുണ്ടായത്. വ്യക്തികൾക്കും കുടുംബത്തിനും സ്ഥാപനത്തിനും കൈവശം വയ്ക്കാനുള്ള ഭൂമിയുടെ പരിധി നിശ്ചയിച്ച് നിയമം അനുവദിച്ചിരിക്കുന്ന പരിധിയിൽ അധികമുള്ള ഭൂമി ആരെങ്കിലും ആർജ്ജിച്ചാൽ അങ്ങനെ അധികമുള്ള ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാക്കി ഏറ്റെടുത്ത മിച്ചഭൂമി അർഹരായവർക്ക് വിതരണം ചെയ്യുക എന്നീ ലക്ഷ്യമാണ് പ്രധാനമായും ഭൂപരിഷ്കരണ നിയമം ഉദ്ദേശിക്കുന്നത്. മറ്റു പല നിയമങ്ങളെയും പോലെ തുടർച്ചയായി
ആധുനികകാലത്ത് അധികം ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും ചില ഘട്ടങ്ങളിൽ ഇത് അറിഞ്ഞിരിക്കേണ്ടതുണ്ട്.

ലാൻഡ് ട്രൈബ്യൂണലുകളിൽ അപേക്ഷ നൽകിയാണ് കുടികിടപ്പുകാരൻ, കുടിയാൻ എന്നിവർ കൈവശ ഭൂമി പതിച്ച് വാങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ താലൂക്ക് തഹസിൽദാർ തന്നെയാണ് ചുമതല വഹിക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ പ്രത്യേകം ലാൻഡ് ട്രൈബ്യൂണലുകൾ രൂപീകരിച്ചിട്ടുണ്ട്. കുടികിടപ്പ് അപേക്ഷകൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള ചുമതല വില്ലേജ് ഓഫീസർക്കാണ്.

ലാൻഡ് ട്രൈബ്യൂണുകളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ

സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയതിന്റെ പേരിൽ കരം അടച്ചു കിട്ടാത്ത നിരവധി വ്യക്തികൾ ഉണ്ട്. വീണ്ടും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആദ്യം അനുവദിച്ചത് സംബന്ധിച്ച കേസ് റെക്കോർഡ്, ഓഫീസ് കോപ്പി, വിധി ന്യായം, പട്ടയ വിതരണ റജിസ്റ്റർ, ഓർഡർ ഷീറ്റ് തുടങ്ങി എന്തെങ്കിലും രേഖ ലാൻഡ് ട്രൈബ്യൂണലിൽ ലഭ്യമാണെങ്കിൽ പുതിയ ഒരു നടപടിക്രമവും സർട്ടിഫിക്കറ്റും സൃഷ്ടിച്ച് ക്രയ സർട്ടിഫിക്കറ്റ് പകർപ്പ് നൽകാവുന്നതാണ്.  അതേസമയം സർട്ടിഫിക്കറ്റ് ലഭിച്ചതായോ ജന്മാവകാശം ലഭിച്ചതായോ യാതൊരു രേഖയും ലാൻഡ് ട്രൈബ്യൂണലിൽ  ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ അപേക്ഷകനിൽ നിന്ന് പുതിയ അപേക്ഷ വാങ്ങി അതിൻറെ അടിസ്ഥാനത്തിൽ പരാമർശഭൂമിക്ക്  കുടികടപ്പ് ഉണ്ടായിരുന്നു എന്ന് ഒരിക്കൽ കൂടി പരിശോധിക്കുന്നതും ഉണ്ടായിരുന്നെങ്കിൽ ഒരു നടപടിക്രമം സൃഷ്ടിച്ച് അതിൻറെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ്  പുനസൃഷ്ടിച്ച് ഫയലിൽ സൂക്ഷിച്ച് അതിൻറെ പകർപ്പ് നൽകാവുന്നതാണ്.

കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ്

കേരളത്തിൽ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് പ്രതിപാദിക്കുന്നത് സ്റ്റാൻഡേർഡ് ഏക്കർ എന്ന യൂണിറ്റിന്റെ അടിസ്ഥാനത്തിലാണ്. അവിവാഹിതനായ മുതിർന്ന ഒരാൾക്ക് അഞ്ച് സ്റ്റാൻഡേർഡ് ഏക്കർ ഭൂമിയാണ് കൈവശം വയ്ക്കുന്നത്. (6-7.5 ഏക്കർ). രണ്ടു മുതൽ അഞ്ചുവരെ അംഗങ്ങൾ ഉള്ള കുടുംബത്തിന് 10 സ്റ്റാൻഡേർഡ് ഏക്കർ. ( 10 - 15 സാധാരണ ഏക്കർ).  അഞ്ച് അംഗങ്ങളിൽ കൂടുതലുള്ള കുടുംബത്തിന് 10 + അഞ്ചിൽ കൂടുതലുള്ള ഓരോ അംഗങ്ങൾക്കും ഓരോ സ്റ്റാൻഡേർഡ് ഏക്കർ വീതം. (12 - 20). സ്ഥാപനങ്ങൾ കമ്പനികൾ എന്നിവയ്ക്ക് 10 സ്റ്റാൻഡേർഡ് ഏക്കർ. (12 - 15). പതിനഞ്ച് സാധാരണ ഏക്കറിൽ കൂടുതൽ കൈവശം വയ്ക്കാൻ സർക്കാരിൽ നിന്ന് പ്രത്യേകം ഇളവു വാങ്ങണം.

ഭൂപരിധി നിർണയത്തിനായി ഉൾപ്പെടുത്താൻ പാടില്ലാത്ത ഭൂമികൾ (ഇളവ്)

ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 81 ലാണ് ഇളവുകൾ പറയുന്നത്. സർക്കാർ ഭൂമി, സ്വകാര്യ കാടുകൾ, തോട്ടങ്ങൾ, അമ്പലങ്ങൾ, പള്ളികൾ സെമിത്തേരികൾ, ശ്മശാനങ്ങൾ, വെയർ ഹൗസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവശം വച്ചിരിക്കുന്ന ഭൂമി പ്രത്യേകിച്ച് സ്ഥാപനത്തിൻറെ ഉപയോഗത്തിനും കളിക്കളത്തിനും വേണ്ടിയുള്ളവ, യൂണിവേഴ്സിറ്റികൾ, പൊതുസ്വഭാവമുള്ള മതപരവും ധർമ്മപരവുമായ സ്ഥാപനങ്ങൾ മുതലായവയൊക്കെ ഭൂപരിധി നിർണയത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത ഭൂമികളാണ്.

ഒരു വ്യക്തിക്ക് മിച്ചഭൂമി ഉണ്ടോ എന്ന് നിർണയിക്കാനുള്ള നിയമപരമായ അധികാരം താലൂക്ക് ലാൻഡ് ബോർഡുകൾക്ക് മാത്രമാണ് ഉള്ളത്. മിച്ചഭൂമിയായി പ്രഖ്യാപിച്ചതിനുശേഷം മാത്രമേ പ്രസ്തുത ഭൂമിയുടെ മേൽ സർക്കാരിനെ അവകാശം ഉണ്ടാവുകയുള്ളൂ. സർക്കാരിലേക്ക് ഏറ്റെടുക്കുന്നത് വരെ ആ ഭൂമിക്ക് ഉള്ള കരമടവ് പെർമിറ്റുകൾ തുടങ്ങിയ റവന്യൂ അവകാശങ്ങൾ കൈവശക്കാരന്റെ പേരിൽ തന്നെ നിലനിൽക്കും.

ഏതെങ്കിലും ഭൂമി പ്രത്യേക ആവശ്യത്തിന് ഉപയോഗിക്കേണ്ട സാഹചര്യത്തിൽ തോട്ടമായി പരിവർത്തനം ചെയ്യുന്നതിന് നിലവിലുള്ള തോട്ടത്തിന്റെ വികസനത്തിന് സംരക്ഷണത്തിനും ആവശ്യമായി വരുമ്പോഴോ മതപരമോ, ധർമ്മപരമോ , വ്യവസായിക വാണിജ്യ ശാസ്ത്രീയ പരമായ കാര്യങ്ങൾക്കോ ആവശ്യമാകുമ്പോഴോ പൊതു താൽപര്യാർത്ഥം അത്തരം ഭൂമികളെ ഭൂപരിധ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കി നൽകാൻ സർക്കാരിന് അധികാരമുണ്ട്. ഇത്തരം നടപടികൾ ജില്ലാ കളക്ടറുടെ ഓഫീസിലാണ് നടത്തേണ്ടത്.