Pages

Saturday, September 12, 2026

സി.ആർ.ഇസെഡ് (CRZ) 20 മീറ്റർ ഇളവ്: സംയോജിത ദ്വീപ് പരിപാലന (IIMP) പദ്ധതിയ്ക്കായി കാത്ത് കായൽദ്വീപ് നിവാസികൾ

സി.ആർ.ഇസെഡ് (CRZ) 20 മീറ്റർ ഇളവ്:  സംയോജിത ദ്വീപ് പരിപാലന പദ്ധതിയ്ക്കായി കാത്ത് കായൽദ്വീപ് നിവാസികൾ

അറബിക്കടലിനോട് ചേർന്നുനിൽക്കുന്ന കേരളത്തിന്റെ തീരപ്രദേശം വടക്ക് കാസർഗോഡ് മുതൽ തെക്ക് തിരുവനന്തപുരം വരെ ഏകദേശം 590 കിലോമീറ്ററോളം നീളുന്നു. എങ്കിലും, കായലുകൾ (estuaries, lagoons), നദീതട ബന്ധങ്ങൾ എന്നിവ ഉൾപ്പെടുന്ന ഉൾനാടൻ ജലാശയങ്ങളെക്കൂടി പരിഗണിക്കുമ്പോൾ - അവ തീരദേശ നിയന്ത്രണ മേഖലയുടെ (CRZ) പരിധിയിൽ വരുന്നവയാണ് - തീരരേഖയുടെ മൊത്തത്തിലുള്ള നീളം ഗണ്യമായി വർദ്ധിക്കുന്നു. കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ (KSREC) കണക്കുപ്രകാരം ഈ ഉൾനാടൻ ജലാശയങ്ങളുടെ ആകെ ചുറ്റളവ് ഏകദേശം 2,300 കിലോമീറ്ററാണ്.
പരിസ്ഥിതി സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എൻവയോൺമെന്റ് (പ്രൊട്ടക്ഷൻ) ആക്ട്, 1986 (EPA) കേന്ദ്ര സർക്കാരിന് പൂർണ്ണ അധികാരം നൽകുന്നു. ഇതിന്റെ 3(1) വകുപ്പ് പ്രകാരം, തീരദേശ, സമുദ്ര പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുന്നതിനായി സർക്കാർ അധികാരം ഏറ്റെടുക്കുകയും, തുടർന്ന് മേൽപ്പറഞ്ഞ നിയമത്തിലെ 3(1), 3(2)(v) വകുപ്പുകൾ പ്രകാരം സി.ആർ.ഇസെഡ് (CRZ) വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

1991-ലെ ആദ്യ സി.ആർ.ഇസെഡ് വിജ്ഞാപനം പുറത്തിറങ്ങിയപ്പോൾ, പ്രത്യേകിച്ച് നിയന്ത്രിത പ്രദേശങ്ങളിൽ വീടുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പരമ്പരാഗത വാസാവകാശങ്ങൾക്ക് അത് എത്രത്തോളം വലിയ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ദ്വീപ് സമൂഹങ്ങളോ പ്രധാന രാഷ്ട്രീയ കക്ഷികളോ മുൻകൂട്ടി കണ്ടിരുന്നില്ല. തുടർന്ന്, 2011-ൽ പരിഷ്കരിച്ച സി.ആർ.ഇസെഡ് വിജ്ഞാപനം ചെറിയ ഇളവുകൾ കൊണ്ടുവന്നു. പിന്നീട്, ശൈലേഷ് നായക് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലും സമഗ്രമായ stakeholder ചർച്ചകൾക്ക് ശേഷവും 2019-ലെ സി.ആർ.ഇസെഡ് വിജ്ഞാപനത്തിൽ കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തി.

ഈ നിയമപരമായ പുരോഗതികൾ ഉണ്ടായെങ്കിലും, കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ (CZMP) 2024 ഒക്ടോബറിൽ മാത്രമാണ് അന്തിമമാക്കിയത്. എങ്കിലും, കായൽ തീരങ്ങളിലെ നിർമ്മാണ നിരോധന മേഖല (No Development Zone) 50 മീറ്ററിൽ നിന്ന് 20 മീറ്ററായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സംയോജിത ദ്വീപ് പരിപാലന പദ്ധതി (IIMP) ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഫലത്തിൽ, കേരളത്തിലെ കായൽ നിവാസികൾക്ക് പ്രതീക്ഷിച്ച 20 മീറ്റർ ഇളവ് ഇതുവരെ ലഭ്യമല്ല.  ഇപ്പോൾ ഈ വിഷയം ഗൗരവമായി സർക്കാർ പരിഗണനയിൽ എടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്.

2019-ലെ CRZ-ൽ കായൽ ദ്വീപുകൾക്കായി നിർദ്ദേശിച്ചിട്ടുള്ള ഇളവുകൾ

മെയിൻലാൻഡ് തീരത്തുള്ള കായൽ ദ്വീപുകളിലെ നിർമ്മാണ നിരോധന മേഖലയിലെ കർശന നിയന്ത്രണങ്ങൾ നിലവിലെ CRZ വിജ്ഞാപനത്തിൽ ലഘൂകരിച്ചിട്ടുണ്ട്. 2019-ലെ CRZ വിജ്ഞാപനത്തിന്റെ 10.2 വകുപ്പ് ഇപ്രകാരമാണ്:

• ഉൾനാടൻ കായൽ ദ്വീപുകളും മെയിൻലാൻഡ് തീരത്തുള്ള ദ്വീപുകളും ഈ വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്നതാണ്.
• കായൽ ദ്വീപുകളുടെയും മെയിൻലാൻഡ് തീരത്തെ ദ്വീപുകളുടെയും പ്രത്യേക തീരദേശ വ്യവസ്ഥകളും അത്തരം തീരങ്ങളിൽ സ്ഥലപരിമിതി ഉള്ളതും കണക്കിലെടുത്ത്, കരഭാഗത്തെ HTL-ൽ നിന്ന് 20 മീറ്റർ പരിധി ഇത്തരം ദ്വീപുകൾക്ക് ഏകീകൃതമായി ബാധകമാകുന്നതാണ്.

താഴെ പറയുന്ന വിധത്തിൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടും:
◦ (a) ഈ ദ്വീപുകളിലെ HTL-ൽ നിന്ന് 20 മീറ്ററിനുള്ളിലുള്ള പ്രാദേശിക സമൂഹങ്ങളുടെ നിലവിലുള്ള വീടുകൾ അറ്റകുറ്റപ്പണി നടത്തുകയോ പുനർനിർമ്മിക്കുകയോ ചെയ്യാവുന്നതാണ്. എങ്കിലും, ഈ മേഖലയിൽ പുതിയ നിർമ്മാണങ്ങൾ അനുവദിക്കുന്നതല്ല.
◦ (b) ഫിഷിംഗ് ജെട്ടി, മീൻ ഉണക്കുന്ന യാർഡുകൾ, വല തുന്നുന്ന യാർഡുകൾ, പരമ്പരാഗത രീതിയിലുള്ള മീൻ സംസ്കരണ കേന്ദ്രങ്ങൾ, ബോട്ട് നിർമ്മാണ യാർഡുകൾ, ഐസ് പ്ലാന്റുകൾ, ബോട്ട് റിപ്പയർ ചെയ്യുന്ന സ്ഥലങ്ങൾ തുടങ്ങിയ തീരദേശ സൗകര്യങ്ങൾ ഉചിതമായ പരിസ്ഥിതി മുൻകരുതലുകളോടെ CRZ പരിധിക്കുള്ളിൽ സജ്ജീകരിക്കാവുന്നതാണ്.
• ലക്ഷദ്വീപിലെയും ആൻ്റമാൻ & നിക്കോബാറിലെയും ചെറിയ ദ്വീപുകൾക്ക് 2011-ലെ ഐലൻഡ് പ്രൊട്ടക്ഷൻ സോൺ വിജ്ഞാപനം നമ്പർ S.O. 20(E), തീയതി 2011 ജനുവരി 6 പ്രകാരം ബാധകമായതുപോലെയുള്ള സംയോജിത ദ്വീപ് പരിപാലന പദ്ധതികൾ (IIMPs) ബന്ധപ്പെട്ട സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ എല്ലാ അത്തരം ദ്വീപുകൾക്കുമായി തയ്യാറാക്കി പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് സമർപ്പിക്കേണ്ടതാണ്. IIMP രൂപീകരിക്കുന്നത് വരെ ഈ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ബാധകമാകുന്നതല്ലെന്നും, 2011 ജനുവരി 6-ലെ S.O. 19(E) നമ്പർ CRZ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള CZMP തുടർന്നും ബാധകമായിരിക്കുന്നതുമാണ്.

നിലവിലെ CRZ വിജ്ഞാപനം 2019 ജനുവരി 18-ന് നിലവിൽ വന്നെങ്കിലും, കായൽ ദ്വീപുകൾക്കായുള്ള പ്രത്യേക ഇളവുകൾ നടപ്പിലാക്കാൻ ആവശ്യമായ സംയോജിത ദ്വീപ് പരിപാലന പദ്ധതി (IIMP) കേരള സർക്കാർ ഇതുവരെ തയ്യാറാക്കിയിട്ടില്ല. ഈ പദ്ധതിയുടെ അഭാവത്തിൽ, മുൻപത്തെ 2011-ലെ CRZ വിജ്ഞാപനത്തിലെ കർശന നിയന്ത്രണങ്ങളാണ് ഈ പ്രദേശങ്ങളിൽ തുടർന്നും ബാധകമായിരിക്കുന്നത്. ഇത് കായൽ ദ്വീപ് നിവാസികളെ വലിയ പ്രതിസന്ധിയിലാക്കുന്നു.

ചില പ്രദേശങ്ങളെ CRZ-III ൽ നിന്ന് CRZ-II ലേക്ക് പുനർവർഗ്ഗീകരിച്ചത് കേരളത്തിലെ 66 ഗ്രാമപഞ്ചായത്തുകൾക്ക് വലിയ ആശ്വാസമായി മാറി. ഇത് നിലവിലുള്ള അംഗീകൃത കെട്ടിടങ്ങളുടെയും റോഡുകളുടെയും കരഭാഗത്ത് നിർമ്മാണങ്ങൾ നടത്താൻ അവരെ അനുവദിച്ചു. എങ്കിലും, 175 പഞ്ചായത്തുകൾ കാറ്റഗറി മാറ്റത്തിനായി നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും 66 എണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചത്. 2019-ലെ CRZ വിജ്ഞാപനം പ്രസിദ്ധീകരിച്ച സമയത്ത് ആവശ്യമായ വ്യവസ്ഥകൾ പാലിച്ചത് അവ മാത്രമായിരുന്നു എന്നതുകൊണ്ടാണിത്. ഒഴിവാക്കപ്പെട്ട മറ്റ് പഞ്ചായത്തുകളുടെ കാര്യത്തിലുള്ള നിയമപോരാട്ടങ്ങൾ നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഇത് ഈ ഇളവുകൾ നടപ്പിലാക്കുന്നതിലെ തുടർച്ചയായ അനിശ്ചിതത്വത്തെയും നിയമപരമായ തർക്കങ്ങളെയും വ്യക്തമാക്കുന്നു.

പരിഹാരം അകലെയല്ല 

തീരപ്രദേശത്ത്  താമസിക്കുന്ന ഭൂരിഭാഗം ആളുകളും പരമ്പരാഗത മൽസ്യത്തൊഴിലാളി സമൂഹങ്ങളാണ്. സംയോജിത ദ്വീപ് പരിപാലന പദ്ധതി (IIMP) അന്തിമമാക്കുന്നതിലുണ്ടാകുന്ന നീണ്ട കാലതാമസം അവർക്ക് സമ്മാനിച്ചിരിക്കുന്നത് വർഷങ്ങളായുള്ള നിയന്ത്രണ അനിശ്ചിതത്വവും വികസന സ്തംഭനവുമാണ്. നിലവിലെ സർക്കാർ CRZ വിഷയങ്ങൾ ഗൗരവമായി എടുത്തിട്ടുണ്ട്.  ഒപ്പം തന്നെ ഈ അടുത്ത് പുറത്തുവന്ന സുപ്രീം കോടതി വിധി പ്രകാരം മുമ്പ് നിർമ്മാണം നടത്തി ഇപ്പോൾ ഇളവുകൾ പ്രകാരം അനുവദനീയമായിരിക്കുന്ന ഭവനങ്ങളുടെ  ക്രമവൽക്കരണ സാധ്യതയും വൈകാതെ പ്രായോഗികമായേക്കും. കേന്ദ്ര തലത്തിലാണ് ക്രമവൽക്കരണത്തിന് വിജ്ഞാപന ഭേദഗതിയോ ആംനസ്റ്റി സ്കീമുകളോ ഉണ്ടാകേണ്ടത്. അതിന് അനുകൂല നിലപാടുകളാണ് പൊതുവേ ഭരണകൂടത്തിൽ നിന്ന് ഉണ്ടായിവരുന്നത് എന്നാണ് അറിവ്. 

ശ്രീ. ഷെറി ജെ. തോമസ് അഡ്വക്കേറ്റ്,
കേരള ഹൈക്കോടതി

No comments:

Post a Comment