Search This Blog

Thursday, March 19, 2015

Failure to change the registration records - after effect - sale of vehicle - Motor Vehicles Act.പാര്‍ക്കിംഗ് അവരുടെ വക –പിഴ എന്റെ വക

പാര്‍ക്കിംഗ് അവരുടെ വക പിഴ എന്റെ വക


ജോസിക്ക് ഒരു മഞ്ഞക്കാര്‍ഡ് കിട്ടി. ഫുട്ബാള്‍ കളിക്കാന്‍പോയി കിട്ടിയതല്ല. പെറ്റി കേസ് കോടതിയില്‍ നിന്നാണ്. ജോസിയുടെ വക KL-07 AM 4870 വണ്ടി ഏറണാകുളം കണ്ടയ്നര്‍ റോഡില്‍ നോ പാര്‍ക്കിംഗ് ഭാഗത്ത്‌ പാര്‍ക്ക് ചെയ്തുവത്രേ. ജോസി എത്ര ആലോചിച്ചിട്ടും വണ്ടിയും നമ്പരും പിടികിട്ടിയില്ല. അയാള്‍ക്ക് ഇപ്പോള്‍ അങ്ങനെ ഒരു വണ്ടിയില്ല. മഞ്ഞക്കാര്‍ഡുമായി വക്കീലിന്റെയടുത്തെത്തി. ഗതാഗത വകുപ്പിന്റെ വെബ്‌ സൈറ്റില്‍ നോക്കിയ വക്കീല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോസി എക്സ്ചേഞ്ച് ഓഫര്‍ വഴി വിറ്റ വണ്ടി ഇപ്പോഴും ജോസിയുടെ പേരില്‍ തന്നെയാണ് എന്ന് പറഞ്ഞു.

ഇല്ലാത്ത വണ്ടിക്കു വല്ലാത്ത പിഴ

കൂടുതല്‍ നൂലാമാലക്കു നില്‍ക്കാതെ ജോസി നേരെ പെറ്റി കേസ് കോടതിയിലെക്കോടി. അവിടെ സര്‍വിസില്‍ നിന്ന് പിരിഞ്ഞു വീണ്ടു സര്‍വീസില്‍ കയറിയ പെറ്റി മജിസ്ട്രേട്ടിനെ കണ്ടു. പിഴയടച്ചേ മതിയാകൂ എന്ന് അവര്‍ പറഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെ ജോസി പിഴയടച്ചു. അഞ്ഞൂറ് രൂപ. ഇല്ലാത്ത വണ്ടിക്കു ആരുടെയോ പാര്‍ക്കിങ്ങിനു അങ്ങനെ ജോസി പിഴയടച്ചു.

എത്രയെത്ര ജോസിമാര്‍


പിഴയടക്കാന്‍ വിമുഖത കാണിച്ച ജോസിയെ അവിടെ നിന്ന് വിയര്‍ക്കുന്ന മൂന്നാല് പേരെ പെറ്റി മജിസ്ട്രേറ്റ് കാണിച്ചുകൊടുത്തു. അവരൊക്കെ ഇല്ലാത്ത വണ്ടിക്കു വല്ലാത്ത പിഴ ഒടുക്കാന്‍ വന്നവരാണത്രെ. മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 50 പ്രകാരം വണ്ടി വില്‍ക്കുന്നയാള്‍ 14 ദിവസത്തിനുള്ളില്‍ വിവരം ആര്‍ ടി ഓ ഓഫീസില്‍ അറിയിക്കണം. പ്രത്യേക ഫോമില്‍, ആവശ്യപ്പെടുന്ന രേഖകളോടുകൂടി വേണം അറിയിക്കാന്‍. വണ്ടി വാങ്ങിയ ആള്‍ അറിയിക്കും എന്ന് വിചാരിച്ചു എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ലയെന്നു അന്ന് ജോസിക്കു മനസ്സിലായി. നോ പാര്‍ക്കിംഗ് ചെറിയ ഒരു കാര്യം. ഇന്‍ഷുറന്‍സ് ഇല്ലാതെ വണ്ടി എവിടെയെങ്കിലും കൊണ്ടുപോയി ഇടിച്ചാലും, ഗുഡ്സ് വണ്ടിക്കു ടാക്സ് അടച്ചില്ലെങ്കിലും സ്വന്തം കുടുംബത്തില്‍ നിന്നും കാശെടുത്ത് അടക്കേണ്ടി വരുമെന്നും ജോസിക്കു മനസ്സിലായി.

No comments:

Post a Comment